തിരുവനന്തപുരം : നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ധന്യയുടെ ഭർതൃപിതാവിന്റെ സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ലാറ്റ് നിർമിച്ചു നൽകാമെന്നു പറഞ്ഞ് പലരിൽ നിന്നായി നിക്ഷേപം സ്വീകരിച്ചുവെന്നാണ് കേസ്. കമ്പനിയിലെ ഡയറക്ടർമാരിൽ ഒരാളാണ് ധന്യ വർഗീസ്. 13 വസ്തുക്കൾ, ഫ്ലാറ്റ് എന്നിവയാണ് കണ്ടുകെട്ടിയത്.
ഫ്ലാറ്റുകൾ നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു പലരിൽ നിന്നായി വൻ തുക തട്ടിയെന്ന പരാതിയില്‍ താരത്തിനും സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭര്‍ത്താവുമായ ജോൺ ജേക്കബ്, ജോണിന്റെ സഹോദരന് സാമുവല്‍ എന്നിവര്‍ക്കെതിരെ നിയമനടപടികള്‍ തുടര്‍ന്ന് വന്നിരുന്നു. കേസിലെ മുഖ്യപ്രതിയും കമ്പനി ചെയര്‍മാനുമായ മുട്ടട ജേക്കബ് സാംസണും കേസുമായി ബന്ധപ്പെട്ട് 2016 ല്‍ അറസ്റ്റിലായിരുന്നു.
2011 മുതൽ നഗരത്തിലെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്ലാറ്റുകളും 20 വില്ലകളും രണ്ടു വർഷത്തിനകം പൂർത്തിയാക്കി നൽകാമെന്നു വാഗ്ദാനം നൽകി പലരിൽ നിന്നായി 100 കോടി രൂപയും അമിത പലിശ നൽകാമെന്നു പറഞ്ഞു 30 കോടിയോളം രൂപയും തട്ടിച്ചെന്ന പരാതിയിലാണ് കേസ്. ഷാരോൺ ഹിൽസ്, ഓർക്കിഡ് വാലി, സാങ്ച്വറി, പേൾക്രസ്റ്റ്, സെലേൻ അപ്പാർട്ട്മെന്റ്, നോവ കാസിൽ, മെരിലാൻഡ്, ഗ്രീൻകോർട്ട് യാഡ്, എയ്ഞ്ചൽ വുഡ് എന്നീ പദ്ധതികളായിരുന്നു വാഗ്ദാനം നൽകിയിരുന്നത്.