കൊച്ചി : കൊച്ചി വിമാനത്താവളത്തിൽ പറന്നിറങ്ങിയ ‘ഇവ’യെ ഒരു സെലിബ്രിറ്റി പരിവേഷത്തോടെയാണ് നാട് വരവേറ്റത്. വിദേശത്തേക്ക് മൃഗങ്ങളെ അയക്കുന്നതിനും അവിടെ നിന്ന് കൊണ്ടുവരുന്നതിനും അനുമതി നല്കുന്ന അനിമല്‍ ക്വാറന്റൈന് ആന്‍ഡ് സര്ട്ടിഫിക്കേഷന് സേവനം (എക്യുസിഎസ്) കൊച്ചിയില്‍ ആരംഭിച്ച ശേഷം ആദ്യമായെത്തുന്ന വളർത്തുമൃഗമാണ് ഇവ.
തൃശൂര്‍ ചേലക്കര സ്വദേശി രാമചന്ദ്രന് നായരുടെ പച്ചയും മഞ്ഞയും കണ്ണുകളുള്ള സുന്ദരി പൂച്ചക്കുട്ടി വ്യാഴാഴ്ച രാവിലെ രാവിലെ 10:17ന് എയർ ഇന്ത്യയുടെ എഐ 954 വിമാനത്തിൽ ദോഹയിൽ നിന്ന് കൊച്ചിയിലെത്തി. പരിശോധനകളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് പൂച്ചക്കുട്ടിയെ പുറത്തിറക്കിയത്. വിദേശത്ത് നിന്ന് വരുന്ന വളർത്തുമൃഗങ്ങൾക്ക് ഏതെങ്കിലും തരത്തിൽ അസുഖങ്ങളോ മറ്റോ ഉണ്ടെങ്കിൽ വിമാനത്താവളത്തിനകത്തു തന്നെ ക്വാറന്റൈൻ സൗകര്യവും ഏർപ്പെടുത്തുന്നുണ്ട്. 15 ദിവസത്തിന് ശേഷം പരിശോധനകൾ പൂർത്തിയാക്കിയാക്കിയാണ് ഇവരെ ക്വാറന്റൈനിൽ നിന്ന് വിട്ടുനൽകുക.