തിരുവനന്തപുരം : സംസ്ഥാനത്തെ ഐടിഐകളില്‍ വനിത ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ടുദിവസം ആര്‍ത്തവ അവധി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കൂടാതെ ഐടിഐ പ്രവൃത്തി ദിവസമായ ശനിയാഴ്കള്‍ അവധിയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമൂലം പരിശീലന സമയം നഷ്ടമാകുന്നവര്‍ക്ക് നൈപുണ്യത്തിനായി ഷിഫ്റ്റ് പുനഃക്രമീകരിക്കും. ചാല ഗവണ്മെന്റ് ഐടിഐയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആദ്യഷിഫ്റ്റ് രാവിലെ ഏഴര മുതല്‍ വൈകീട്ട് മൂന്ന് മണിവരെയായിരിക്കും. രണ്ടാം ഷിഫ്റ്റ് രാവിലെ പത്തുമണി മുതല്‍ വൈകീട്ട 5.30വരെയുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവര്‍ക്ക് വര്‍ക്ക് ഷോപ്പ് പ്രയോജനപ്പെടുത്താനുള്ള അവസരം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.