കൊച്ചി : എറണാകുളം കൂനമ്മാവിൽ ലത്തീൻ അതിരൂപതയുടെ കീഴിലുള്ള സ്ഥലം ഒഴിയണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നോട്ടീസയച്ചു. വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സാധുജന സംഘത്തിനാണ് നോട്ടീസ് അയച്ചത്. പണം വാങ്ങിയ ഭൂമി വിട്ടുകൊടുക്കില്ലെന്നും ഏതറ്റം വരെയും നിയമ പോരാട്ടം നടത്തുമെന്നും സാധുജന സംഘം അറിയിച്ചു.
കൂനമ്മാവ് റോമന്‍ കത്തോലിക്കാ ചർച്ചിന് കീഴിലെ സാധുജന പരിപാലന സംഘത്തിന്റെ കൈവശമുള്ള ഒന്നേ മുക്കാല്‍ ഏക്കറിലാണ് ദേവസ്വം ബോർഡ് അവകാശവാദം ഉന്നയിക്കുന്നത്. ഭൂമി ദേവസ്വം ബോർഡിന് അവകാശപ്പെട്ടതാണെന്നും കൈവശക്കാർ കയ്യേറ്റക്കാരാണന്നും കാട്ടി . സ്പെഷ്യല്‍ തഹസില്‍ദാരാണ് നോട്ടീസ് നല്‍കിയത്. വില കൊടുത്ത് വാങ്ങിയ ഭൂമിക്ക് കൃത്യമായി കരമൊടുക്കുന്നതാണെന്നും കുടിയൊഴിയാന്‍ തയ്യാറല്ലെന്നുമാണ് സാധുജനസംഘത്തിന്റെ നിലപാട്.
ദേവസ്വം ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം നടപടിയെടുക്കാതിരാക്കാന്‍ നവംബർ 13ന് തിരുവനന്തപുരത്തെ ഭൂസംരക്ഷണ വിഭാഗം തഹസില്‍ദാർ ഓഫീസില്‍ ഹാജരാകണമെന്ന നോട്ടീസാണ് ആദ്യം ലഭിച്ചത്. ഹാജരാകാന്‍ കഴിയില്ലെന്ന മറുപടിയെ തുടർന്ന് ഡിസംബര്‍ അഞ്ചിന് ആലുവ സ്പെഷ്യല്‍ തഹസില്‍ദാറിന് മുന്നില്‍ ഹാജരാകാനാണ് പുതിയ നിർദേശം. വില കൊടുത്ത് വാങ്ങിയ ഭൂമി സംരക്ഷിക്കാൻ ശക്തമായ സമരം നടത്താനാണ് വരാപ്പുഴ അതിരൂപതയുടെ തീരുമാനം.