പാലക്കാട് : അടിപിടിക്കേസിൽ അറസ്റ്റ് ചെയ്തതിന്റെ ദേഷ്യത്തിൽ പൊലീസ് സ്റ്റേഷനിൽ നിർത്തിയിട്ട പിക്കപ്പ് വാൻ കത്തിച്ചു. വാളയാർ പൊലീസ് സ്റ്റേഷനു മുന്നിലെ ദേശീയപാതയിലെ സർവീസ് റോഡിൽ പാർക് ചെയ്തിരുന്ന വാഹനമാണ് കത്തിച്ചത്. വണ്ടിക്ക് തീവച്ചതിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ചുള്ളിമട സ്വദേശി പോൾരാജിനെ (50) പൊലീസ് പിന്തുടർന്ന് അറസ്റ്റു ചെയ്തു.
മദ്യപിച്ചു അടിപിടിയുണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ടോടെയാണ് പോൾ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈകിട്ടോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇതിന്റെ പ്രതികാരത്തിലാണ് രാത്രിയോടെ സ്റ്റേഷനു സമീപത്തെത്തി സർവീസ് റോഡിൽ നിർത്തിയിട്ട പിക്കപ് വാൻ പോൾ രാജ് പെട്രോൾ ഒഴിച്ച് തീയിട്ടത്.
ജനവാസ മേഖലയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയ കേസിൽ തൊണ്ടി മുതലായി പിടികൂടിയ പിക്കപ്പ് വാനാണ് അഗ്നിക്കിരയായത്. വാഹനത്തിൽ തെർമോകോൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് സാമഗ്രികളാണ് ഉണ്ടായിരുന്നത്. ഇതിനാൽ പെട്ടെന്നു തീ മുഴുവൻ ഭാഗങ്ങളിലേക്കും പടർന്നു. സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നു പുക ഉയരുന്നതു കണ്ടാണ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് ഓടിയെത്തിയത്. അപ്പോഴേക്കും ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഇൻസ്പെക്ടർ എൻ എസ് രാജീവ്, എസ്ഐ ജെ ജയ്സൺ എന്നിവരുടെ നേതൃത്വത്തിൽ പിന്തുടർന്നു ചുള്ളിമടയിൽ നിന്നു പ്രതിയെ പിടികൂടി. വാഹനം പൂർണമായി കത്തിനശിച്ചു. സർവീസ് റോഡിലുണ്ടായിരുന്നു യാത്രാ വാഹനങ്ങളിലേക്ക് ഉൾപ്പെടെ തീപടരുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നു ഉടൻ തീയണച്ചു.