അലഹബാദ് : രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന ആവശ്യത്തിൽ എടുത്ത തീരുമാനം അറിയിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം. അലഹബാദ് ഹൈക്കോടതിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നല്കിയത്.
ഇന്ത്യൻ പൗരത്വത്തിന് പുറമെ രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വവും ഉണ്ടെന്നും അതേക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് കർണാടകത്തിലെ ബിജെപി നേതാവായ എസ്. വിഘ്നേശ് ശിശിർ ആണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ച് ഹർജിക്കാരൻ നൽകിയ നിവേദനം പരിശോധിച്ചു വരികയാണെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി അലഹബാദ് ഹൈക്കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
തുടർന്നാണ് ഇക്കാര്യത്തിൽ എടുത്ത നിലപാട് അറിയിക്കാൻ ജസ്റ്റിസുമാരായ എ.എം. മസൂദി, സുഭാഷ് വിദ്യാർത്ഥി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചത്. കേസ് ഡിസംബർ 19-ന് പരിഗണിക്കാനായി മാറ്റി. രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് കാണിച്ച് 2015 ൽ ബി ജെ പി നേതാവായ സുബ്രഹ്മണ്യൻ സ്വാമിയാണ് പർലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ആദ്യമായി പരാതി നൽകിയത്.
അന്ന് എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ നൽകിയ മറുപടിയിൽ രാഹുൽ ഗാന്ധി ഈ ആരോപണം തെറ്റാണെന്നും പരാതിക്കാരൻ തന്റെ പേര് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മറുപടി നൽകുകയും ചെയ്തിരുന്നു. തെളിവുണ്ടെങ്കിൽ രേഖകൾ സഹിതം ആരോപണം തെളിയിക്കണമെന്നും അന്ന് രാഹുൽ സുബ്രഹ്മണ്യൻ സ്വാമിയെ വെല്ലുവിളിച്ചിരുന്നു.
ഇതിന് പിന്നാലെ 2019 ലെ തെരഞ്ഞെടുപ്പ് കാലത്ത് ആഭ്യന്തര മന്ത്രാലയം രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ജൂൺ 19, 1970 എന്നതാണ് രാഹുൽ ഗാന്ധിയുടെ ജനനത്തീയതി എന്നും, പൗരത്വം ബ്രിട്ടീഷ് ആണെന്നും കമ്പനി രേഖകളിലുണ്ടെന്നതടക്കമുള്ള സുബ്രമണ്യൻ സ്വാമിയുടെ പരാതി മുൻനിർത്തായാണ് കേന്ദ്രം രാഹുലിന് നോട്ടീസ് അയച്ചത്.
പിന്നീടും പല തവണ വിവാദം ഉയർന്നിട്ടുണ്ടെങ്കിലും ആഭ്യന്ത്രര മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരം കണ്ടെത്തിയിട്ടില്ല. ഇന്നും അലഹബാദ് ഹൈക്കോടതിയിൽ കേന്ദ്രം നൽകിയ മറുപടി രാഹുലിന്റെ പൗരത്വം നിയമപരമാണോയെന്ന് പരിശോധിക്കുന്നുവെന്നായിരുന്നു എന്നതും ശ്രദ്ധേയമാണ്.