തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ യുവാവ് 1,80,000 വിലവരുന്ന ആറു മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തു. ബാങ്ക് വഴി പണം ട്രാന്‍സ്ഫര്‍ ചെയ്തെന്ന് വിശ്വസിപ്പിക്കാന്‍ സ്ലിപ് കാട്ടി ജീവനക്കാരെ കബളിപ്പിച്ചാണ് ഫോണുകള്‍ തട്ടിയെടുത്തത്. പുതുതായി തുടങ്ങുന്ന കടയുടെ മാനേജരെന്ന് പരിചയപ്പെടുത്തിയായിരുന്നു മോഷണം.
നെയ്യാറ്റിന്‍കരയില്‍ പുതിയ ഷോപ്പ് ആരംഭിക്കാന്‍ പോകുകയാണെന്നും കടയിലേക്ക് പുതിയതായി ആറു ഫോണുകള്‍ വേണമെന്നും പറഞ്ഞ് 35 വയസ് തോന്നിക്കുന്ന യുവാവാണ് മൊബൈല്‍ ഷോപ്പില്‍ എത്തിയത്. ആറു ഫോണുകള്‍ക്ക് 1,80,000 രൂപ വില വരുമെന്ന് കടയിലെ ജീവനക്കാര്‍ പറഞ്ഞു. ഇത്രയും പൈസ ഒന്നിച്ച്് നല്‍കാനാവില്ലെന്നും ബാങ്ക് വഴി ട്രാന്‍സ്ഫര്‍ ചെയ്യാമെന്നും പറഞ്ഞ് യുവാവ് ബാങ്കിലേക്ക് പോയി.
ബാങ്കിലെത്തിയ യുവാവ് തന്റെ പണമില്ലാത്ത അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നു എന്ന വ്യാജേന സ്ലിപ്പ് തരപ്പെടുത്തി പൂരിപ്പിച്ചു. തുടര്‍ന്ന് തിരക്ക് അഭിനയിച്ച് ബാങ്കിലെ ഉദ്യോഗസ്ഥരില്‍ നിന്ന് സ്ലിപ്പില്‍ ഒരു സീല്‍ തരപ്പെടുത്തി. ഇതിന് പിന്നാലെ സീലുള്ള സ്ലിപ്പ് മുറിച്ചുമാറ്റി മൊബൈല്‍ കടയില്‍ കൊണ്ടുപോയി കൊടുത്താണ് തട്ടിപ്പ് നടത്തിയത് എന്ന് പൊലീസ് പറയുന്നു.
താന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് മൊബൈല്‍ ഷോപ്പിലെ ജീവനക്കാരെ സ്ലിപ്പ് കാണിച്ചു. ബാങ്കിന്റെ സ്ലിപ്പ് ആയതിനാല്‍ മൊബൈല്‍ കടയുടമകള്‍ ഇത് വിശ്വസിച്ചു. തുടര്‍ന്ന് 1,80,000 വിലവരുന്ന ആറു മൊബൈല്‍ ഫോണുകള്‍ യുവാവിന് കൈമാറി. എന്നാല്‍ അരമണിക്കൂറിന് ശേഷവും അക്കൗണ്ടില്‍ പണം വരാത്തതിനെ തുടര്‍ന്ന് ബാങ്കില്‍ പോയി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞതെന്നും പൊലീസ് പറയുന്നു.