ന്യൂഡല്‍ഹി : ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാര്‍ലമെന്റിന്റെ അധികാരം ആമുഖത്തിനും ബാധകമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ വിദേശരാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യന്‍ സാഹചര്യത്തിലാണ് വിലയിരുത്തേണ്ടത്. സോഷ്യലിസം എന്നത് ക്ഷേമരാഷ്ട്രം എന്നാണ് ഉദ്ദേശിക്കുന്നത്. മതേതരത്വം എന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് എസ്ആര്‍ ബൊമ്മെ കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. 1976 ല്‍ നടന്ന ഭേദഗതിയില്‍ ഇത്ര വര്‍ഷം കഴിഞ്ഞ് ഇപ്പോള്‍ പ്രശ്നമുന്നയിക്കുന്നത് എന്തിനാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജി നല്‍കിയത്. 1976 ല്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഭേദഗതി വരുത്തി ഇന്ദിരാഗാന്ധി സര്‍ക്കാര്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ ( മതേതരം) എന്നീ വാക്കുകള്‍ ചേര്‍ത്തതിനെയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്.
സോഷ്യലിസം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നത് വ്യക്തിസ്വാതന്ത്ര്യം കുറയ്ക്കലാകുമെന്ന് പറഞ്ഞ് ഡോ. ബി ആര് അംബേദ്കര്‍ എതിര്‍ത്തിരുന്നുവെന്ന് അഡ്വ. വിഷ്ണുശങ്കര്‍ ജെയിന് വാദിച്ചിരുന്നു. ഭരണഘടനയുടെ ആമുഖത്തില്‍ മാറ്റം വരുത്താന്‍ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോഷ്യലിസം, മതേതരത്വം തുടങ്ങിയ വാക്കുകള്‍ ഭരണഘടനയില്‍ ചേര്‍ക്കുന്നതിനോട് തനിക്ക് എതിര്‍പ്പില്ലെന്നും ആമുഖത്തില്‍ ഉള്‍പ്പെടുത്തിയതിനെയാണ് ചോദ്യംചെയ്യുന്നതെന്നും മറ്റൊരു ഹര്‍ജിക്കാരനായ ബിജെപി നേതാവ് അഡ്വ. അശ്വിനി കുമര്‍ ഉപാധ്യായ പറഞ്ഞു. മതേതരത്വം എക്കാലത്തും ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ (ബേസിക് സ്ട്രക്ചര്‍) ഭാഗമാണെന്ന് നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.