ഹൈദരാബാദ് : യങ് ഇന്ത്യ സ്കില്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി നല്കിയ 100 കോടി രൂപ സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സംഭാവന സ്വീകരിക്കുന്നത് അനാവശ്യ ചര്‍ച്ചകള്‍ക്കു വഴിവയ്ക്കും എന്നതിനാലാണ് തീരുമാനമെന്ന് രേവന്ത് റെഡ്ഡി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അദാനി ഗ്രൂപ്പ് ഉള്‍പ്പെടെ ഒരു സംഘടനയില്‍ നിന്നും ഇതുവരെ തെലങ്കാന സര്‍ക്കാര്‍ ഒരു രൂപ പോലും തങ്ങളുടെ അക്കൗണ്ടിലേയ്ക്ക് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റേയോ സ്വന്തം പ്രതിച്ഛായയോ തകര്‍ക്കുന്ന അനാവശ്യ ചര്‍ച്ചകളിലും സാഹചര്യങ്ങളിലും ഇടപെടാന്‍ താനും കാമ്പിനറ്റ് മന്ത്രിമാരും ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിനെ പ്രതിനീധികരിച്ച് തങ്ങളുടെ ഉദ്യോഗസ്ഥനായ ജയേഷ് രഞ്ജന്‍ അദാനിക്ക് കത്തെഴുതിയത്.
100 കോടി രൂപ സര്‍വകലാശാലയ്ക്ക് കൈമാറരുതെന്നാണ് കത്തില്‍ അഭ്യര്‍ഥിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് അദാനി നിര്‍ദേശിച്ച തുകയെന്ന് റെഡ്ഡി പറഞ്ഞു.