ന്യൂഡല്‍ഹി : പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനം തിരസ്കരിച്ചവരാണ് സ്വന്തം രാഷ്ട്രീയനേട്ടത്തിനായി പാര്‍ലമെന്റിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതെന്ന് നരേന്ദ്രമോദി പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. ഇത്തരം പാര്‍ട്ടികള്‍ക്ക് അധികാരത്തോട് ആര്‍ത്തിയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ജനം നിരീക്ഷിക്കുന്നുണ്ടെന്നും അവസരം കിട്ടുമ്പോഴെല്ലാം അവര്‍ ശിക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും മോദി പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും 235 സീറ്റുകള്‍ നേടുകയും പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയെ സഭയില്‍ 49 സീറ്റുകളിലേക്ക് ചുരുട്ടിക്കെട്ടുകയും ചെയ്തതിന് പിന്നാലെയാണ് മോദിയുടെ പരാമര്‍ശം. നേരത്തെ, ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രവിജയം നേടിയിരുന്നു.
‘പാര്‍ലമെന്റില്‍ ആരോഗ്യകരമായ സംവാദം നടക്കണം, നിര്‍ഭാഗ്യവശാല്‍, ചില വ്യക്തികള്‍ സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പാര്‍ലമെന്റിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു, തടസ്സങ്ങളും അരാജകത്വവും അവലംബിക്കുന്നു,’ മോദി പറഞ്ഞു. ‘ആത്യന്തികമായി അവരുടെ ലക്ഷ്യങ്ങള്‍ പരാജയപ്പെടുമെങ്കിലും, ജനം അവരുടെ പെരുമാറ്റം സൂക്ഷ്മമായി നിരീക്ഷിക്കുകയും സമയമാകുമ്പോള്‍ ശിക്ഷ നല്‍കുകയും ചെയ്യുന്നു,’ എന്നുപറഞ്ഞ പ്രധാനമന്ത്രി സമ്മേളനത്തില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു.
നിരവധി കാരണങ്ങളാല്‍ പ്രത്യേകതയുള്ളതാണ് ഈ സമ്മേളനമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2024 അവസാനിക്കാന്‍ പോവുകയാണ്. രാജ്യം പുതുവര്‍ഷത്തിലേക്ക് തയ്യാറെടുക്കുകയാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭരണഘടനയുടെ 75-ാം വാര്‍ഷികത്തിന്റെ തുടക്കമാണ്. നാളെ, സംവിധാന്‍ സദനില്‍, ഭരണഘടനയുടെ 75-ാം വാര്‍ഷികം എല്ലാവരും ആഘോഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഡിസംബര്‍ 20വരെ തുടരും.