ന്യൂഡല്‍ഹി : രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വോട്ടു ചെയ്തു വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതിനായിട്ടാണ് പ്രിയങ്ക എത്തുന്നത്. 4.10 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് പ്രിയങ്ക വയനാട്ടില്‍ തകര്‍പ്പന്‍ വിജയം നേടിയത്.
വയനാട്ടിലെ പ്രിയങ്കയുടെ വിജയത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തു വന്നു. ‘വയനാട്ടിലെ എന്റെ കുടുംബം പ്രിയങ്കയില്‍ വിശ്വാസമര്‍പ്പിച്ചതില്‍ അഭിമാനം തോന്നുന്നു. നമ്മുടെ പ്രിയങ്കരമായ വയനാടിനെ പുരോഗതിയുടെയും സമൃദ്ധിയുടെയും വിളക്കുമാടമാക്കി മാറ്റാന്‍ പ്രിയങ്ക അനുകമ്പയോടെയും അചഞ്ചലമായ അര്‍പ്പണബോധത്തോടെയും നയിക്കുമെന്ന് എനിക്കറിയാം’. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
പാര്‍ലമെന്റ് സമ്മേളനം നാളെ തുടങ്ങുമെങ്കിലും, പ്രിയങ്കാ ഗാന്ധി ലോക്സഭാംഗമായി നാളെ സത്യപ്രതിജ്ഞ ചെയ്യുമോയെന്നതില്‍ വ്യക്തതയില്ല. ഷിംലയിലുള്ള അമ്മ സോണിയ ഗാന്ധി മടങ്ങിവന്ന ശേഷമേ സത്യപ്രതിജ്ഞയുണ്ടാകുവെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ഭാരവാഹിത്വം ഏറ്റെടുത്ത് അഞ്ചു വര്‍ഷത്തിനു ശേഷമാണ് 52കാരിയായ പ്രിയങ്ക തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നത്.