പാലക്കാട്: നഗരസഭയിൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ കഴിയാതെ വന്നതോടെ പാലക്കാട് ബിജെപിയുടെ നില പരുങ്ങലിൽ. നിലവിൽ രാഹുൽ മാങ്കൂട്ടത്തിൽ 4973 വോട്ടിന് മുന്നിലാണ്. വോട്ടെണ്ണൽ തുടങ്ങിയ ആദ്യ ഘട്ടത്തിൽ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ മുന്നേറ്റം നടത്തിയിരുന്നു. ബിജെപിക്ക് പ്രതീക്ഷ ഉണ്ടായിരുന്ന നഗരസഭയിൽ കോൺഗ്രസ് മികച്ച പ്രകടനം നടത്തിയപ്പോൾ പിരിയാരിയിൽ കോൺഗ്രസ് ആധിപത്യം ആവർത്തിച്ചു. ഇനി മാത്തൂരും കണ്ണാടിയുമാണ് ബാക്കിയുള്ളത്. രണ്ടിടത്തും യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം എന്നതിനാൽ ഇനി ബിജെപിക്ക് തിരിച്ചുവരവിന് സാധ്യതയില്ല.
2021ൽ ഇ.ശ്രീധരൻ മത്സരിച്ചപ്പോൾ നഗരസഭയിൽ മാത്രം ആദ്ദേഹം ആറായിരം വോട്ടിന് മുന്നിൽ എത്തിയിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലും ഡോ.പി.സരിനും കടന്നു കയറിയത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. ഇനി പഞ്ചായത്തിലേക്ക് വോട്ടെണ്ണൽ കടക്കുമെന്നും തങ്ങളുടെ ഭൂരിപക്ഷം കുതിച്ച് ഉയരുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. നിലവിൽ എൻഡിഎയുടെ സി.കൃഷ്ണകുമാർ രണ്ടാം സ്ഥാനത്തും. എൽഡിഎഫ് സ്ഥാനാർഥി ഡോ.പി.സരിൻ മൂന്നാം സ്ഥാനത്താണ്. വിജയം ഉറപ്പിച്ച് പാലക്കാട്ട് യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു.