തിരുവനന്തപുരം : സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വിജയികള്‍ ആരെന്ന് ഇന്നറിയാം. എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
ഭരണവിരുദ്ധ വികാരങ്ങളും രാഷ്ട്രീയ വിവാദങ്ങളും തുണയാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. പാലക്കാട് നിലനിര്‍ത്താനാകുമെന്നും ചേലക്കര പിടിച്ചെടുക്കാനാകുമെന്നും കണക്കുകൂട്ടുന്ന യുഡിഎഫ് വയനാട്ടില്‍ രാഹുലിന്റെ ഭൂരിപക്ഷം പ്രിയങ്ക മറികടക്കുമെന്ന പ്രതീക്ഷയിലാണ്. ചേലക്കര നിലനിര്‍ത്തുന്നതിനൊപ്പം പാലക്കാട് മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. വയനാട്ടില്‍ നില മെച്ചപ്പെടുത്തുമെന്നും ഇടതുമുന്നണി പ്രതീക്ഷിക്കുന്നു.
അതേസമയം പാലക്കാട് ഉറച്ച ജയപ്രതീക്ഷ വയ്ക്കുന്ന ബിജെപി ചേലക്കരയിലും വയനാട്ടിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന കണക്കുകൂട്ടലിലാണ്. പാലക്കാട്ടെ ത്രികോണ മത്സരത്തില്‍ ജയം ആര്‍ക്കെന്ന ആകാംക്ഷയാണ് രാഷ്ട്രീയ കേരളത്തിനുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിലിലൂടെ ജയം ഉറപ്പിച്ച് യുഡിഎഫും സരിനെ ഇറക്കി പരീക്ഷണം നടത്തിയ എല്‍ഡിഎഫും ഫലം കാത്ത് നില്‍ക്കുകയാണ്. കൃഷ്ണകുമാറിലൂടെ പരമ്പരാഗത വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുമുള്ളത്.