കൊച്ചി : മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോന് തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേര്‍ക്കെതിരേ നല്കിയ പരാതി പിന്‍വലിക്കുന്നതായി ആലുവയിലെ നടി. സര്‍ക്കാരില്‍നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയില്‍നിന്ന് പിന്‍വാങ്ങുന്നതായി ഇവര്‍ അറിയിച്ചത്. കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടിയുടെ പിന്മാറ്റം.
നടന്മാര്ക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിള്‍, ബിച്ചു എന്നിവരും കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരന് എന്നിവര്‍ക്കെതിരെയും ഇവര്‍ ആരോപണം ഉന്നയിച്ചിരുന്നു. തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും സര്‍ക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു. മാധ്യമങ്ങളില്‍ നിന്ന് പോലും പിന്തുണ ലഭിച്ചില്ല.
കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഇമെയില്‍ അയക്കുമെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഏഴു പേര്‍ക്കെതിരെ ആരോപണവുമായി നടി രംഗത്തുവന്നത്.