തൃശ്ശൂർ : തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയുടെ സിറ്റിംഗ് ഡിവിഷൻ കൃഷ്ണാപുരം, ഡിവിഷൻ വിഭജനത്തോടെ ഇല്ലാതായതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. അതൃപ്തി പരസ്യമാക്കി സിപിഐ കൗൺസിലർ ബീനാ മുരളി രംഗത്തെത്തി. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തുന്ന തൃശ്ശൂരിൽ തന്റെ സീറ്റ് വെട്ടിയതിന് പിന്നിൽ സ്ഥാപിത താല്പര്യമെന്ന് സിപിഐ വനിതാ കൗൺസിലർ ബീന മുരളി ആരോപിച്ചു.
15 വർഷമായി തുടർച്ചയായി ജയിക്കുന്ന ഡിവിഷൻ രണ്ടു ഡിവിഷനിലേക്ക് വെട്ടി ലയിപ്പിച്ചു. കൃഷ്ണാപുരം എന്ന പേര് തന്നെ നശിപ്പിക്കുന്ന നിലയാണ് ഉണ്ടായതെന്ന് കൗൺസിലർ ബീനാ മുരളി പറയുന്നു. നടത്തറ ഡിവിഷനിലേക്ക് 700 വീടും ഒല്ലൂക്കര ഡിവിഷനിലേക്ക് 500 വീടും പകുത്തു നൽകി. ഭഗവാൻ കൃഷ്ണന്റെ പേരായതുകൊണ്ടാണോ ഡിവിഷൻ വെട്ടിയതെന്ന് സംശയമുണ്ടെന്ന് സിപിഐ കൗൺസിലർ പറയുന്നു. ഡിവിഷൻ വെട്ടിയതിൽ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് ബീനാ മുരളി വ്യക്തമാക്കി.
പാർട്ടിയെ ഇതു സംബന്ധിച്ച വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്ന് ബീനാ മുരളി പറയുന്നു. നടപടി ഉണ്ടായില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിലേക്ക് കടക്കും. നഷ്ടമായത് എൽഡിഎഫിന്റെ ഉറച്ച ഡിവിഷൻ. തന്നെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണോ ഡിവിഷൻ വെട്ടിയതെന്ന് സംശയമുണ്ടെന്ന് ബീനാ മുരളി പറയുന്നു. ഡിവിഷൻ ഒഴിവാക്കുന്ന സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചപ്പോൾ തന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചു. നോക്കാമെന്ന് നേതാക്കൾ പറഞ്ഞെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായില്ലെന്ന് ബീനാ മുരളി പറയുന്നു.