തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളം കേന്ദ്രത്തോട് 24,000 കോടിയുടെ സ്പെഷ്യല്‍ പാക്കേജ് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്. കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 15-ാം ധനകാര്യ കമ്മീഷന് വകയിരുത്തിയ തുകയും, എന്‍ എച്ച് എമ്മിന്റെ ഭാഗമായി അനുവദിക്കാനുള്ള തുകയും, യുജിസി ശമ്പളപരിഷ്ക്കരണ കുടിശ്ശികയും ഒന്നും കേന്ദ്ര സര്‍ക്കാര്‍ ഇനിയും ലഭ്യമാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രത്തില്‍ നിന്നു പ്രത്യേക ധനസഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ദുരന്തമുണ്ടായ ഉടനെ തന്നെ ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ്, ദുരന്ത പ്രതികരണ സേന എന്നിവയുടെ എല്ലാം സഹായഘങ്ങളും ലഭ്യമായി. അതാകട്ടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനും ഗതാഗത സൗകര്യങ്ങള്‍ അതിവേഗത്തില്‍ പുനഃസ്ഥാപിക്കുന്നതിനും വളരെ സഹായകരമാവുകയും ചെയ്തു. അവയോടെല്ലാം ഉള്ള നന്ദി സംസ്ഥാനം ഔദ്യോഗികമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 17 നു തന്നെ ദുരന്തത്തില്‍ ഉണ്ടായ നഷ്ടവും ദേശീയ ദുരന്ത പ്രതികരണനിധിയുടെ (എന്‍ ഡി ആര് എഫ്) മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി കേരളത്തിന് ആവശ്യപ്പെടാവുന്ന തുകയും ഇനംതിരിച്ച് തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നിവേദനം നല്‍കുകയും ചെയ്തു. പ്രതീക്ഷിക്കുന്ന ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളുമടക്കം ഉള്‍പ്പെടുത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായമാണ് ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം നൂറു ദിവസത്തിലധികമായി. മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ട് മൂന്ന് മാസത്തിലധികമായി. കേന്ദ്ര സംഘം വന്നുപോയിട്ടും മാസങ്ങളായി. ഇതിനിടയില്‍ മറ്റ് പല സംസ്ഥാനങ്ങള്‍ക്കും അവര്‍ രേഖാമൂലം ആവശ്യപ്പെടാതെ തന്നെ സഹായം നല്‍കിയിട്ടുണ്ട്. എന്നിട്ടും പ്രത്യേക ധനസഹായമായി ഒരു രൂപാ പോലും കേരളത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.
എന്നാല്‍ ഇതിനോടകം, എസ്ഡിആര്എഫില് നിന്നും സിഎംഡിആര് എഫില്‍ നിന്നുമായി അടിയന്തിര സഹായമായും ശവസംസ്കാരത്തിനുള്ള സഹായമായും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള സഹായമായും ചികിത്സാ സഹായമായും ഉപജീവന സഹായമായും വീട്ടുവാടകയായും ഒക്കെ 25കോടിയിലധികം രൂപ കേരളം അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമെ മാതാപിതാക്കള്‍ മരണപ്പെട്ട കുഞ്ഞുങ്ങള്‍ക്കുള്ള പ്രത്യേക ധനസഹായം വനിത – ശിശുവികസന വകുപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനം ഇതൊക്കെ ചെയ്തപ്പോള്‍ പിഎംഎന്‍ആര്‍ എഫില്‍ നിന്ന് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള സഹായമായും ഗുരുതര പരിക്കേറ്റവര്‍ക്കുള്ള ചികിത്സാ സഹായമായും ആകെ 3.31 കോടി രൂപ മാത്രമാണ് കേന്ദ്രം ലഭ്യമാക്കിയിട്ടുള്ളത്.
കേന്ദ്രത്തിനു സമര്‍പ്പിച്ച നിവേദനത്തില്‍ മൂന്ന് പ്രധാന കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. ഒന്നാമത്തെ ആവശ്യം മേപ്പാടി-ചൂരല്‍മല ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം അനുസരിച്ച് ‘Disaster of Severe Nature’ – അതായത് തീവ്രസ്വഭാവമുള്ള ദുരന്തം – ആയി പ്രഖ്യാപിക്കണം എന്നതായിരുന്നു. ഇത്തരത്തില്‍ പ്രഖ്യാപിച്ചാല്‍ പുനരധിവാസത്തിനായി വിവിധ അന്തര്‍ദേശീയ, ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ തുക കണ്ടെത്താന്‍ ശ്രമിക്കാം. കൂടാതെ ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും കേരളത്തിനു സഹായം നല്കാന് കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാവുകയും ചെയ്യും.
രണ്ടാമത്തെ ആവശ്യം ദുരന്തനിവാരണ നിയമത്തിന്റെ 13-ാം വകുപ്പു പ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റിയില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ദുരന്തബാധിതരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളണം എന്നതായിരുന്നു. അതിനും ഈ പ്രഖ്യാപനം വഴിയൊരുക്കുമായിരുന്നു. മൂന്നാമത്തെ ആവശ്യം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിത മേഖലയ്ക്കായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അടിയന്തര സഹായം അനുവദിക്കണം എന്നതായിരുന്നു.
ഈ മൂന്ന് ആവശ്യങ്ങളില്‍ ഒന്നിനുപോലും കേന്ദ്രം ഇതുവരെ അനുകൂലമായ ഒരു മറുപടി തന്നിട്ടില്ല. മേപ്പാടിയിലെ ദുരന്തത്തെ തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല. ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അടിയന്തര സഹായം അനുവദിച്ചിട്ടില്ല. ദുരന്തബാധിതരുടെ ലോണുകള്‍ എഴുതിത്തള്ളിയിട്ടുമില്ല.
ഈ പശ്ചാത്തലത്തില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് അടിയന്തര ധനസഹായം കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കുക എന്നതും മെമ്മോറാണ്ടത്തിലെ ആവശ്യങ്ങള്‍ അനുവദിപ്പിക്കുക എന്നതും റിക്കവറി ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ എസ്റ്റിമേറ്റ് അംഗീകരിപ്പിച്ചെടുക്കുക എന്നതുമാണ്. അതിന് കേരളത്തില്‍ നിന്നുള്ള എംപിമാരും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എം പിമാരായിട്ടുള്ള കേരളീയരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അഭ്യര്‍ഥിച്ചു.