ഇംഫാൽ : മണിപ്പൂരിൽ നടക്കുന്നത് യുദ്ധമല്ല, ആക്രമണവും പ്രതിരോധവുമാണെന്ന് മെയ്തെയ് തലവൻ പ്രമോദ് സിങ്. നീതി ഉറപ്പാക്കിയാൽ മാത്രമേ ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകൂ. കുക്കികളുടെ ആക്രമണത്തെ പ്രതിരോധിക്കുകയാണെന്നും മെയ്തെയ് നേതാവ് പ്രമോദ് സിങ് ട്വന്റിഫോറിനോട് പറഞ്ഞു.
‘ഇപ്പോഴും ആക്രമണങ്ങൾ നടക്കുന്നു.കുട്ടികളെയും സ്ത്രീകളെയും ക്രൂരമായി കൊലപ്പെടുത്തുന്നു. ജനങ്ങൾ ആദ്യമായി അല്ല ഇങ്ങനെ ബുദ്ധിമുട്ട് നേരിടുന്നത്. ആക്രമണങ്ങൾ നടത്തുന്ന കുക്കികൾക്കെതിരെ നടപടി ഉണ്ടാകണം. യുദ്ധമല്ല ഇപ്പോൾ നടക്കുന്നത്, ആക്രമണവും പ്രതിരോധവുമാണ്’- മെയ്തെയ് തലവൻ പ്രമോദ് സിങ് പറഞ്ഞു.
അതേസമയം നിയന്ത്രണങ്ങൾ തുടരുന്ന മണിപ്പൂരിൽ ഇൻറർനെറ്റ് നിരോധനം മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. ആക്രമണങ്ങളും സംഘർഷവും ഉണ്ടായ ഏഴ് ജില്ലകളിലാണ് ഇൻറർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാന നില കണക്കിലെടുത്താണ് നടപടി. ഇംഫാലിൽ നാലു മേഖലകളിൽ കർഫ്യൂവിന് ഇളവ് അനുവദിച്ചു. രാവിലെ അഞ്ചുമണി മുതൽ 10 മണി വരെയാണ് ഇളവ്. ഏറ്റുമുട്ടലും സംഘർഷങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ കൂടുതൽ സുരക്ഷാസേന മണിപ്പൂരിലേക്ക് എത്തി.
അഫ്സ്പ നടപ്പിലാക്കിയ തീരുമാനം പുന പരിശോധിക്കണം സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ തടയണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ സംഘടനകളുടെ പ്രതിഷേധവും മണിപ്പൂരിൽ ശക്തമാണ്.