ഡൽഹി : രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകളുടെ കൂടി ഓഹരി വിൽക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, പഞ്ചാബ് ആൻ്റ് സിൻഡ് ബാങ്ക്, സെൻട്രൽ ബാങ്ക് എന്നിവയുടെ ഓഹരികളാണ് വിൽക്കാൻ തീരുമാനിച്ചത്. ബാങ്കുകളുടെ മേലുള്ള നിയന്ത്രണം നഷ്ടമാകാത്ത രീതിയിൽ ന്യൂനപക്ഷ ഓഹരികൾ മാത്രമാണ് വിൽക്കുക എന്നാണ് വിവരം.
സെബിയുടെ നിയന്ത്രണ ചട്ടം പാലിക്കുന്നതിനാണ് ഈ തീരുമാനം എന്നാണ് വിവരം. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികൾ 25 ശതമാനം പൊതു ഓഹരിയായിരിക്കണമെന്നാണ് സെബിയുടെ ചട്ടം. നിലവിൽ സെൻട്രൽ ബാങ്കിലെ 93 ഉം ഇന്ത്യൻ ഓവർസീസ് ബാങ്കിൻ്റെ 96.4 ഉം പഞ്ചാബ് ആൻഡ് സിൻഡ് ബാങ്കിൻ്റെ 98.3 ഉം യൂകോ ബാങ്കിൻ്റെ 95.4 ഉം ശതമാനം ഓഹരികളും കേന്ദ്ര സർക്കാരിൻ്റേതാണ്.
ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെൻ്റ് വഴി പഞ്ചാബ് നാഷണൽ ബാങ്ക് സെപ്തംബറിൽ 5000 കോടി രൂപയും ബാങ്ക് ഓഫ് മഹാരാഷ്ട്ര 3500 കോടിയും സമാഹരിച്ചിരുന്നു. അതേസമയം ഓഫർ ഫോർ സെയിൽ വഴിയാവും പുതിയ ഓഹരി വിൽപ്പനയെന്നാണ് കരുതുന്നത്.