കൊച്ചി : ഭർതൃവീട്ടിൽ സ്ത്രീകൾക്ക് ശാരീരിക അധിക്ഷേപമുണ്ടായാൽ (ബോഡി ഷെയിമിങ്) അത് ഗാർഹിക പീഡന നിയമപ്രകാരം കുറ്റകൃത്യമാണെന്ന് ഹൈക്കോടതി. ഭർതൃവീട്ടിലെ താമസക്കാരെയെല്ലാം ബന്ധുവായി കണക്കാക്കാമെന്നും അവർക്കെതിരെ ഗാർഹികപീഡന നിയമപ്രകാരം കുറ്റം ചുമത്താമെന്നും കോടതി വ്യക്തമാക്കി. യുവതിയെ ഭർത്താവിന്റെ സഹോദര ഭാര്യ കളിയാക്കിയ സംഭവത്തിൽ കൂത്തുപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി ജസ്റ്റിസ് എ ബദറുദീനാണ് ഉത്തരവിറക്കിയത്.
2019ൽ വിവാഹിതയായി ഭർതൃവീട്ടിൽ എത്തിയതാണ് യുവതി. യുവതിക്കു ‘ബോഡി ഷെയ്പ്’ ഇല്ലെന്നും അനുജന് യോജിച്ച പെണ്ണല്ലെന്നും സുന്ദരിയെ കിട്ടുമായിരുന്നുവെന്നും മറ്റും പറഞ്ഞ് ഹർജിക്കാരി അധിക്ഷേപിച്ചെന്നാണ് ആരോപണം. കൂടാതെ ശരിക്കും എംബിബിഎസ് യോഗ്യതയുണ്ടോ എന്നു സംശയമുന്നയിച്ചതിനൊപ്പം ബിരുദ സർട്ടിഫിക്കറ്റ് കൈക്കലാക്കി പരിശോധിക്കുകയും ചെയ്തു. ഇതോടെ അധിക്ഷേപം സഹിക്കവയ്യാതെ യുവതി 2022 ൽ സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയി.
ഭർത്താവും ഭർതൃപിതാവുമാണ് ഒന്നും രണ്ടും പ്രതികൾ. ഇത്തരം ആരോപണങ്ങൾ ഗാർഹിക പീഡനമാകുമോ, ഭർതൃസഹോദര ഭാര്യ ഗാർഹിക പീഡന നിയമത്തിന്റെ പരിധിയിൽ വരുമോ എന്നീ നിയമ പ്രശ്നങ്ങളാണു കോടതി പരിശോധിച്ചത്. “ബോഡി ഷെയിമിങ്’ സ്ത്രീകളോടുള്ള ക്രൂരതയല്ലെന്നും തനിക്ക് യുവതിയുമായി രക്തബന്ധമില്ലാത്തതിനാൽ, ഗാർഹികപീഡന നിയമത്തിൽ പറയുന്ന ‘ബന്ധു’ എന്ന നിർവചനത്തിൽപ്പെടില്ലെന്നും സഹോദരഭാര്യ വാദിച്ചു.
എന്നാൽ ശരീരത്തെ കളിയാക്കുന്നതും സർട്ടിഫിക്കറ്റ് പരിശോധനയും യുവതിയുടെ ശാരീരിക, മാനസികാരോഗ്യത്തെ ബാധിക്കുന്നതിനാൽ ഗാർഹിക പീഡനക്കേസ് നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.
ഭർത്താവ്, മക്കൾ, ഭർതൃബന്ധുക്കളായ മാതാപിതാക്കൾ, സഹോദരങ്ങൾ, അനന്തരവൻ, അനന്തരവൾ, ചെറുമക്കൾ തുടങ്ങി ഒപ്പം താമസിക്കുന്ന ഭർതൃസഹോദരങ്ങളുടെ ജീവിത പങ്കാളികളും ഐപിസി 498എ ബാധകമായ ‘ബന്ധു’ ആകുമെന്നാണ് കോടതി വ്യക്തമാക്കിയത്. യുവതിയുടെ പരാതിയിൽ കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലുള്ള കേസ് തുടരാനും ഉത്തരവായി.