പാലക്കാട് : സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ് പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഉജ്ജ്വലമായ മതേതരത്വ മാതൃക ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് പാണക്കാട് തങ്ങള്‍. മുനമ്പം വിവാദമുണ്ടായപ്പോള്‍ എല്ലാവരും ഭിന്നിപ്പിന്റെ സ്വരത്തില്‍ സംസാരിച്ചപ്പോള്‍ മുസ്ലീം സംഘടനകളെ ഒരുമിപ്പിച്ച് നിര്‍ത്തി അവിടുത്തെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടി പോരാടിയ ആളാണ് അദ്ദേഹം. ഒരുതരത്തിലും സമൂഹത്തില്‍ ഒരുഭിന്നിപ്പ് ഉണ്ടാകാന്‍ പാടില്ലെന്ന് നിരന്തരം പറയുകയും, എല്ലാവര്ക്കും വഴികാട്ടിയുമായ ആളെയാണ് മുഖ്യമന്ത്രി അധിക്ഷേപിച്ചതെന്നും അത് ബിജെപിക്കാരെ സന്തോഷിപ്പിക്കാനാണെന്നും സതീശന് പറഞ്ഞു.
പിണറായിയുടെയും കെ സുരേന്ദ്രന്റെയും ശബ്ദം ഒരുപോലെയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിച്ച സിപിഎം അതുകഴിഞ്ഞതോടെ ഓന്ത് നിറം മാറുന്നതുപോലെ ഭുരിപക്ഷ വര്‍ഗീയത ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സതീശന് പറഞ്ഞു. മുനമ്പത്ത് വിവാദം ഉണ്ടാക്കുന്നത് സംഘപരിവാറാണ്. അതിന് അനുയോജ്യമായി തീരുമാനം വൈകിപ്പിച്ച് സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ മൂന്ന് വര്‍ഷത്തെ സര്‍ക്കാരിന്റെ വിലയിരുത്തലാവും പാലക്കാടെ ഉപതെരഞ്ഞെടുപ്പെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സതീശന് ചോദിച്ചു. ഈ ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ മൂന്ന് വര്‍ഷത്തെ പ്രതിപക്ഷത്തിന്റെ വിലയിരത്തുലാവുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും സതീശന് പറഞ്ഞു.
രൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനത്ത്. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാണ്. സപ്ലൈക്കോ പൂട്ടുന്ന അവസ്ഥയാണ്. ഖജനാവ് കാലിയാണ്. മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളും അപകടരമായ നിലയിലാണ് മുന്നോട്ടുപോകുന്നത്. ഒരു ആനൂകൂല്യവും പാവപ്പെട്ടവര്‍ക്ക് ആരോഗ്യരംഗത്ത് ലഭിക്കുന്നില്ല. സംസ്ഥാന ഭരണം നാഥനില്ലാത്ത അവസ്ഥയിലാണെന്നും സതീശന് പറഞ്ഞു.
പാലക്കാട് ഉജ്ജ്വലമായ വിജയം നേടുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പതിനായ്യായിരം വോട്ടിനെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ വിജയിക്കും. എല്ലായിടത്തും കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്. പാലക്കാട് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരം. അവിടെ രണ്ടാം സ്ഥാനത്ത് വരാനുള്ള സാധ്യത ഉണ്ടായിട്ടും പോലും സിപിഎം അത് ഇല്ലാതാക്കിയെന്ന് സതീശന് പറഞ്ഞു.
മണിപ്പൂരിലെ ക്രൈസ്തവരെ പച്ചയ്ക്ക് കത്തിക്കുന്നവരാണ് ബിജെപി. എന്നിട്ട് മുനമ്പം വിഷയം പറഞ്ഞ് ഇവിടെ ആട്ടിന്‍ തോലിട്ട ചെന്നായകളായി ക്രൈസ്തവ ഭവനങ്ങളില്‍ കയറി ഇറങ്ങി ഭിന്നിപ്പുണ്ടാക്കുകയാണ് അവര്‍ ചെയ്യുന്നത്. മണിപ്പൂരില്‍ നടക്കുന്നത് മനസിലാക്കുന്നവരാണ് കേരളത്തിലെ ക്രിസ്ത്യാനികളെന്നും സതീശന് പറഞ്ഞു.