ലഖ്നൗ : ഉത്തർപ്രദേശ് ഝാന്‍സിയിലെ മഹാറാണി ലക്ഷ്മി ഭായി മെഡിക്കല്‍ കോളേജിൽ 10 നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവത്തിന് കാരണമായ തീപ്പിടിത്തത്തിന് വഴിവെച്ചത് സ്വിച്ച്ബോർഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് സർക്കാർ നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയോ അശ്രദ്ധയോ ഒന്നും തന്നെയില്ലെന്നും അതിനാല്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുമാണ് ഝാന്‍സി കമ്മീഷണര്‍ വിപുല്‍ ദുബെ, റേഞ്ച് ഡിഐജി കലാനിധി നഥാനി എന്നിവരടങ്ങിയ സമിതിയുടെ നിരീക്ഷണം. സമിതി 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.
ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രികളിലൊന്നായ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിബായി മെഡിക്കല്‍ കോളേജിലെ നവജാത ശിശുക്കളുടെ വാര്‍ഡില്‍ വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ് തീപ്പിടിത്തമുണ്ടായത്.
സ്പ്രിംഗ്ളറുകള്‍ സ്ഥാപിക്കാത്തതിനാല്‍ തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ലെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. പീഡിയാട്രിക് വാര്‍ഡില്‍. നവജാതശിശുക്കള്‍ ഉള്ളതിനാല്‍ എന്‍.ഐ.സി.യു വാര്‍ഡില്‍ വാട്ടര്‍ സ്പ്രിംഗ്ലറുകള്‍ സ്ഥാപിച്ചിട്ടില്ലെന്നും ഡോക്ടര്‍മാര്‍ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകി.
അപകടസമയത്ത് എന്‍.ഐ.സി.യു വാര്‍ഡില്‍ ആറ് നഴ്സുമാരും മറ്റ് ജീവനക്കാരും രണ്ട് ഡോക്ടര്‍മാരും ഉണ്ടായിരുന്നു. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ നഴ്സുമാരില്‍ ഒരാളുടെ കാലില്‍ പൊള്ളലേറ്റിരുന്നു. ഒരു പാരാമെഡിക്കല്‍ സ്റ്റാഫും മറ്റ് രണ്ട് പേരും അഗ്നിശമന ഉപകരണങ്ങളുമായി അകത്തേക്ക് പോയപ്പോള്‍ സ്വിച്ച്ബോര്‍ഡില്‍ നിന്നുള്ള തീ അതിവേഗം ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററിലേക്ക് പടരാന്‍ തുടങ്ങി. എന്നാല്‍ അപ്പോഴേക്കും തീ നിയന്ത്രണാതീതമായിരുന്നുവെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ട്. എന്നാല്‍, മിനിറ്റുകള്‍ക്കകം അഗ്നിശമനസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.