റാഞ്ചി : ഝാര്‍ഖണ്ഡില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ സംസ്ഥാനത്ത് നുഴഞ്ഞു കയറുന്നവരെ കണ്ടെത്തി തുരത്താന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. നുഴഞ്ഞു കയറ്റക്കാര്‍ വിവാഹം കഴിക്കുന്ന ആദിവാസി സ്ത്രീകളുടെ ഭൂമി കൈമാറ്റം തടയാന്‍ നിയമനിര്‍മാണം നടത്തുമെന്നും അമിത് ഷാ പറഞ്ഞു.
ഝാര്‍ഖണ്ഡില്‍ ആദിവാസി ജനസംഖ്യ കുറയുകയാണ്. പെണ്‍കുട്ടികളെ വിവാഹം കഴിച്ച് നുഴഞ്ഞു കയറ്റക്കാര്‍ ഭൂമി തട്ടിയെടുക്കുകയാണ്. നുഴഞ്ഞു കയറ്റക്കാരെ തുരത്താനും അവര്‍ പിടിച്ചെടുത്ത ഭൂമി തിരിച്ചു പിടിക്കാനും കമ്മിറ്റി രൂപീകരിക്കും. സെറൈകെലയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.
ജെഎംഎം-കോണ്‍ഗ്രസ്, ആര്‍ജെഡി നേതാക്കള്‍ എന്നിവര്‍ വ്യക്തിപരമായ വളര്‍ച്ചയ്ക്കും അഴിമതിയില്‍ ഏര്‍പ്പെടുന്നതിനും മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ജെഎംഎം സഖ്യത്തിലെ അഴിമതിക്കാരെ ജയിലിലടക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.