പത്തനംതിട്ട : പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തലിന്റെ പ്രചാരണ വീഡിയോ സിപിഐഎം പത്തനംതിട്ട ഫേസ്ബുക്ക് പേജിൽ വന്ന സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു.
രാഹുലിന്റെ വീഡിയോ വന്നത് ഔദ്യോഗിക എഫ്ബി പേജിലാണ്. അക്കൗണ്ട് ഹാക്ക് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നിൽ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവത്തകർ എന്ന് സംശയിക്കുന്നു. അവർക്കാണ് വ്യക്തമായി നുഴഞ്ഞുകയറാൻ ശീലമുള്ളത്. സംഭവത്തിൽ നിയമനടപടി സ്വീകരിക്കും.എസ്പിക്ക് പരാതി നൽകുമെന്നും കെ പി ഉദയഭാനു വ്യക്തമാക്കി.
‘രാഹുൽ മാങ്കൂട്ടത്തിന് അനുകൂലമായി പാർട്ടി ഡിസിയുടെ ഭാഗത്തുനിന്ന് അഭിപ്രായം വന്നുവെന്ന് പറയുന്നതിൽ വിശ്വാസമില്ല. അദ്ദേഹത്തെ കുറിച്ച് ഈ നാട്ടുകാർക്ക് അറിയാം. രാഹുലിന്റെ പൊതുപ്രവർത്തനം എന്ന് പറയുന്നത് നാടുമായോ നാട്ടുകാരുമായോ യാതൊരു ബന്ധവുമില്ലാത്തതാണ്. സ്വന്തം അയൽവാസികൾക്ക് പോലും അദ്ദേഹത്തെ കുറിച്ച് ഒരു അറിവും ഇല്ല. പൊതുപ്രവർത്തകൻ എന്ന നിലയിൽ രാഹുലിന് യാതൊരു അംഗീകാരവും നൽകുന്നില്ല. കൃത്രിമ കാർഡ് ഉണ്ടാക്കിയാണ് കോൺഗ്രസ് അദ്ദേഹത്തെ മത്സരിപ്പിക്കുന്നത്. രാഹുലിനൊപ്പമുള്ളവർ വ്യാജ ഐഡി കാർഡുകളും രേഖകളും ഉണ്ടാക്കുന്നവരാണ്. സ്വന്തം വീടിരിക്കുന്ന പള്ളിക്കൽ വാർഡിൽ പോലും രാഹുൽ നിന്നാൽ ജയിക്കില്ല’ കെപി ഉദയഭാനു കൂട്ടിച്ചേർത്തു.