ന്യൂഡല്‍ഹി : സല്മാന് റുഷ്ദിയുടെ സാത്താന്റെ വചനങ്ങള്‍ എന്ന നോവലിന് രാജ്യത്ത് ഇറക്കുമതി വിലക്ക് ഏര്‍പ്പെടുത്തിയതു ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഡല്‍ഹി ഹൈക്കോടതി നടപടികള്‍ അവസാനിപ്പിച്ചു. ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയ വിജ്ഞാപനം ഹാജരാക്കാന്‍ അധികൃതര്‍ക്കായില്ലെന്നും അതുകൊണ്ടുതന്നെ ഇങ്ങനെയൊരു വിലക്ക് നിലവിലില്ലെന്നു വേണം അനുമാനിക്കാനെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.
1988ലാണ് അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ റുഷ്ദിയുടെ നോവലിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതു ചോദ്യം ചെയ്ത് 2019ല്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്. വിജ്ഞാപനം ഹാജരാക്കാന്‍ അധികൃതര്‍ക്കാവാത്ത സാഹചര്യത്തില്‍ പുസ്തകവുമായി ബന്ധപ്പെട്ട് നിയമപരമായ ഏതു നടപടിയും ഹര്‍ജിക്കാരനു സ്വീകരിക്കാവുന്നതാണെന്ന് ജസ്റ്റിസ് രേഖാ പാട്ടീല്‍ വ്യക്തമാക്കി.
1988 ഒക്ടോബര്‍ അഞ്ചിനു കേന്ദ്ര കസ്റ്റംസ് ബോര്‍ഡ് ഇറക്കി ഉത്തരവു നിലവിലുള്ളതു കൊണ്ട് തനിക്ക് പുസ്തകം ഇറക്കുമതി ചെയ്യാന്‍ കഴിയുന്നില്ലെന്നു ചൂണ്ടിക്കാട്ടി സന്ദീപന്‍ ഖാന് എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്.