ന്യൂഡല്‍ഹി : കേന്ദ്ര സര്‍വകലാശാലയായതിനാല്‍ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയെ (എഎംയു) ന്യൂനപക്ഷ സ്ഥാപനമായി കണക്കാക്കാനാവില്ലെന്ന, 1967ലെ വിധി സുപ്രീം കോടതി അസാധുവാക്കി. അലിഗഢ് യൂണിവേഴ്സിറ്റിയുടെ ന്യൂനപക്ഷ പദവി പരിശോധിക്കുന്നതിന് പുതിയ ബെഞ്ച് രൂപീകരിക്കാന്‍ ഏഴംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ ഉത്തരവിട്ടു.
കേന്ദ്ര സര്‍വകലാശാലയായതിനാല്‍ എഎംയുവിന് ന്യൂനപക്ഷ പദവി നല്‍കാനാവില്ലെന്ന് 1967ലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1981ല്‍ പുതിയ നിയമം കൊണ്ടുവന്നു. 1981ലെ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി ഭദഗതി നിയമത്തിലെ, ന്യൂനപക്ഷ പദവി സംബന്ധിച്ച വകുപ്പ് 2006ല്‍ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. ഈ നടപടിയുടെ സാധുത പരിശോധിക്കാന്‍, വിധിപ്പകര്‍പ്പുകളും മറ്റു വിശദാംശങ്ങളും ചീഫ് ജസ്റ്റിസിനു മുമ്പാകെ സമര്‍പ്പിക്കണമെന്ന് ഇന്നത്തെ സുപ്രധാന വിധിയില്‍ ഏഴംഗ ബെഞ്ച് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന പുതിയ ബെഞ്ച് വിഷയം വീണ്ടും പരിഗണിക്കും.
ഏഴംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍ക്കു വേണ്ടി കൂടി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആണ് വിധിന്യായം എഴുതിയത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ വ്യത്യസ്ത വിയോജിപ്പ് വിധികള്‍ എഴുതി.