തിരുവനന്തപുരം : സംസ്ഥാന ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് രാജിവെച്ചു. രാജി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചു. 2025 അവസാനം വരെ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിന് കാലാവധിയുണ്ടായിരുന്നു.
തന്നേക്കാൾ ഏഴു വർഷം ജൂനിയറായ ജസ്റ്റിസ് എൻ അനിൽകുമാറിനെ ലോകായുക്തയായി നിയമിച്ചതിനെ തുടർന്ന്, അദ്ദേഹത്തിനു കീഴിൽ ഉപലോകായുക്തയായി തുടരുന്നതിൽ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിന് അതൃപ്തിയുണ്ടായിരുന്നു. അനിൽകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തെങ്കിലും, തുടർന്ന് ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് അവധിയിൽ പ്രവേശിക്കുകയായിരുന്നു.
സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയി വിരമിച്ച ആളാകണം ലോകായുക്ത ആകേണ്ടതെന്ന 1999 മുതലുള്ള വ്യവസ്ഥ സർക്കാർ ഭേദഗതി വരുത്തിയിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജി എന്നാക്കിയാണ് ഭേദഗതി വരുത്തിയത്. തുടർന്നാണ് ജസ്റ്റിസ് അനിൽകുമാറിനെ നിയമിച്ചത്.