തൃശ്ശൂർ : മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്ക് പുഴുവരിച്ചതും കേടായതുമായ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തതില്‍ പ്രതികരണവുമായി മന്ത്രി ജി ആര് അനില്‍. ഗുരുതര പിഴവുണ്ടായി, സർക്കാർ കർശനമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.
സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്ത ഉല്‍പ്പന്നങ്ങളുടെ ഉത്തരാവാദിത്തം ഭക്ഷ്യവകുപ്പിനല്ലെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യവകുപ്പ് മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചത്. ഉപയോഗിച്ച ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യരുതെന്ന് സന്നദ്ധ സംഘടനകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യവകുപ്പ് രണ്ട് റേഷന്‍കടകളിലൂടെ വിതരണം ചെയ്ത ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച് പരാതികളില്ല. മറ്റ് കിറ്റുകളും സര്‍ക്കാര്‍ വിതരണം ചെയ്തത് റേഷന്‍ കടകളിലൂടെയാണ്. അതിലും ആക്ഷേപം ഉണ്ടായിട്ടില്ല. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ ബാധ്യതയാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. വിഷയം പരിശോധിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി ജി ആര് അനില്‍ അറിയിച്ചു.
മേപ്പാടി പഞ്ചായത്തില്‍ വിതരണം ചെയ്ത വസ്തുക്കള്‍ക്കെതിരെയാണ് പരാതി. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരിയും മാവ്, റവ തുടങ്ങിയ വസ്തുക്കളുമാണ് ദുരിത ബാധിതര്‍ക്ക് ലഭിച്ചത്. മൃഗങ്ങള്‍ക്ക് പോലും കൊടുക്കാന്‍ സാധിക്കാത്ത ഉല്‍പ്പന്നങ്ങളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് ദുരന്തബാധിതര്‍ പറയുന്നത്.