പാലക്കാട് : പാലക്കാട്ടെ പൊലീസ് നടപടി നിയമപരമായി നേരിടാൻ കോൺഗ്രസ്. പൊലീസിന്റെ ചട്ടവിരുദ്ധ ഇടപെടൽ ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷന് പരാതി നൽകി. പൊലീസിന്റെ പാതിരാ പരിശോധന ഇലക്ഷൻ ക്യാമ്പയിനിൽ മുഖ്യ പ്രചരണ വിഷയമാക്കാനാണ് കോൺഗ്രസ് തീരുമാനം. വനിതാ നേതാക്കളെ അപമാനിച്ചതും രാഹുൽ മങ്കൂട്ടത്തിനെ കള്ളപ്പണക്കാരനാക്കാൻ ശ്രമിച്ചതും പ്രചരണവിഷയം ആക്കും.
മന്ത്രി എം ബി രാജേഷിന്റെ രാജിക്ക് വേണ്ടിയുള്ള പ്രചരണം ഇലക്ഷൻ ക്യാമ്പയിനിലൂടെ ആരംഭിക്കും. തെരഞ്ഞെടുപ്പിന് ശേഷം തുടർപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. പൊലീസ് നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയാതെയാണെന്നാണ് വിലയിരുത്തൽ. പിന്നിൽ എം ബി രാജേഷിന്റെ ഇടപെടലുണ്ടെന്നുമാണ് അനുമാനം. കാര്യങ്ങൾ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ചേർന്ന് വിലയിരുത്തി. കെപിസിസി പ്രസിഡന്റ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, യുഡിഎഫ് കൺവീനർ ഹസൻ എ എം ഷംസുദ്ദീൻ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
അതേസമയം പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കോൺഗ്രസിനെതിരെ സിപിഐഎം നൽകിയ പരാതിയിൽ കേസെടുക്കാതെ പൊലീസ്. സിസിടിവി പരിശോധിച്ചതിൽ നിന്ന് ഹോട്ടലിൽ എത്തിച്ച ട്രോളി ബാഗിൽ പണമാണെന്ന് തെളിയിക്കാൻ ആകില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിപിഐഎമ്മിന്റെ പരാതിയിൽ നിയമോപദേശം തേടാനാണ് പൊലീസിന്റെ നീക്കം. സംഭവത്തിൽ ദുരുഹതയില്ലെന്ന് പ്രാഥമിക നിഗമനം. കൂടുതൽ തെളിവുകൾ ലഭിച്ചാൽ കേസെടുത്തേക്കും.
കെപിഎം ഹോട്ടലിൽ എത്തിച്ച ട്രോളി ബാഗിൽ പണമാണെന്ന് പൊലീസിന് തെളിയിക്കാനായിട്ടില്ല. ട്രോളി ബാഗുമായി മുറിയിലെത്തിയ ഫെനി ചിലവഴിച്ചത് 48 സെക്കന്റ് മാത്രമാണ്. രാഹുൽ മാങ്കൂട്ടത്തിൽ പിൻവാതിലിലൂടെ പുറത്ത് പോയെന്ന് പറയുന്നതും തെറ്റാണ്. നീല ട്രോളി ബാഗിൽ തന്റെ വസ്ത്രങ്ങൾ ആയിരുന്നു എന്നാണ് രാഹുൽ വ്യക്തമാക്കിയിരുന്നത്.