തിരുവനന്തപുരം : ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഗ്രൂപ്പിന്റെ അഡ്മിനും വ്യവസായ വകുപ്പ് ഡയറക്ടറുമായ കെ.ഗോപാലകൃഷ്ണന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഡിസിപി ഭരത് റെഡ്ഡിയാണ് മൊഴിയെടുത്തത്.
തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും സുഹൃത്തുക്കള്‍ പറയുമ്പോഴാണ് ഗ്രൂപ്പിന്റെ കാര്യം അറിയുന്നതെന്നും ഗോപാലകൃഷ്ണൻ മൊഴി നൽകി. അന്വേഷണത്തിന്റെ ഭാഗമായി ഗോപാലകൃഷ്ണന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോണിന്റെ ഫോറന്‍സിക് പരിശോധനാ ഫലം വന്നതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
ഗ്രൂപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്കായി രണ്ട് കത്തുകള്‍ പോലീസ് വാട്സാപ്പിന് അയച്ചിട്ടുണ്ട്. ഇതിന്റെ മറുപടിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം. അതേസമയം സംഭവത്തിൽ വകുപ്പ് തലത്തിലുള്ള അന്വേഷണവും നടക്കും. വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇക്കാര്യത്തിൽ നടപടി എടുക്കുകയുള്ളൂ എന്നാണ് സൂചന.