ചെന്നൈ : അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കമല ഹാരിസിന്റെ വിജയത്തിനായി ഇന്ത്യയില്‍ പ്രത്യേക പ്രാര്‍ഥനകള്‍. തെലുങ്കാനയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രാര്‍ഥനകളും യാഗങ്ങളും സംഘടിപ്പിച്ചു. തമിഴ്നാട്ടിലെ തുളസേന്ദ്രപുരത്തെ ക്ഷേത്രത്തിലും പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുകയാണ്.
ഇവിടങ്ങളിലെല്ലാം കമലഹാരിസിന്റെ ഫോട്ടോ പതിച്ച ബാനറുകളും പതിച്ചിട്ടുണ്ട്. നാടിന്റെ മകള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കട്ടെ എന്ന ബാനറുകള്‍ വഴികളില്‍ കാണാം. കമല ഹാരിസിന്റെ മുത്തച്ഛന് പി വി ഗോപാലന് ജനിച്ചുവളര്‍ന്ന സ്ഥലമാണ് ഇത്. ക്ഷേത്രത്തില്‍ സംഭാവനകള്‍ പട്ടികപ്പെടുത്തുന്ന കല്ലില്‍ മുത്തച്ഛന്റെ പേരിനൊപ്പം കമല ഹാരിസിന്റെയും പേര് കൊത്തിവെച്ചിട്ടുണ്ട്. യുഎസ് വൈസ്പ്രസിഡന്റായി കമല ഹാരിസ് സ്ഥാനമേറ്റപ്പോഴും ഈ ക്ഷേത്രത്തില്‍ വഴിപാട് നടത്തിയിരുന്നു. ഗ്രാമത്തില്‍ നിന്ന് മാറി ഗോപാലനും കുടുംബവും ചെന്നൈ ബസന്ത് നഗറിലാണ് അവസാനകാലത്ത് കഴിഞ്ഞിരുന്നത്.
തെലങ്കാനയിലെ ക്ഷേത്രത്തില്‍ 11 ദിവസത്തെ യാഗമാണ് കമല ഹാരിസിനായി നടത്തുന്നത്. ശ്യാമള ഗോപാലന് എജ്യൂക്കേഷന്‍ ഫൗണ്ടേഷന് ആണ് ഇവിടുത്തെ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. തെലങ്കാനയില്‍ കമല ഹാരിസിന്റെ അമ്മയായ ശ്യാമള ഗോപാലനെ ആദരിക്കുന്നതിനായി രൂപീകരിച്ച ഫൗണ്ടേഷനാണിത്. ബയോമെഡിക്കല്‍ ശാസ്ത്രജ്ഞയായിരുന്നു കമല ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്. പത്തൊമ്പതാമത്തെ വയസില്‍ ഉപരിപഠനത്തിനായി യുഎസിലേയ്ക്ക് പോയ ശ്യാമള ഗോപാലന് അമേരിക്കയില്‍ വെച്ച് സാമ്പത്തിക ശാസ്ത്രജ്ഞനും ജമൈക്കന്‍ സ്വദേശിയുമാ. ഡോണള്‍ഡ് ജെ ഹാരിസിനെ വിവാഹം കഴിച്ചു. 9 വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹ മോചിതരായി. കമലയെ കൂടാതെ മായ ഹാരിസ് എന്ന മകള്‍ കൂടിയുണ്ട് ഇവര്‍ക്ക്. അഭിഭാഷകയും എഴുത്തുകാരിയുമായ മായ ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകയാണ്.