തൃശൂര്‍: തിരൂർ സതീഷിന് പിന്നില്‍ റിപ്പോർട്ടർ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിനെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ഇരുവർക്കുമെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് കൊടുക്കും. ബിജെപി മുൻ നേതാവ് ശ്രീശൻ അടിയാട്ടിനും തനിക്കെതിരായ ആരോപണത്തിൽ പങ്കുണ്ട്. താൻആന്റോ അഗസ്റ്റിന്റെ വീട്ടിൽ പോയതിന് തെളിവുണ്ടെങ്കിൽ അതയാൾ പുറത്തുവിടട്ടേയെന്നും ശോഭ പറഞ്ഞു.
ആന്റോ പറഞ്ഞത് 500 തവണ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി എന്നാണ്. 500 പോയിട്ട് അഞ്ച് തവണയെങ്കിലും പോയതിന്റെ തെളിവുകൾ കാണിക്കാനാവുമോ? എന്തുകൊണ്ട് പ്രമോട്ട് ചെയ്യുന്നില്ല എന്ന് പറഞ്ഞ് ആൻ്റോ അഗസ്റ്റിനെ ഞാൻ വിളിച്ചു എന്ന് പറഞ്ഞു. ഏത് നമ്പറിൽ നിന്നാണെന്നും ആ ഫോൺ കാണിക്കാൻ തയ്യാറാകണമെന്നും ശോഭ ആവശ്യപ്പെട്ടു.
ഏതെങ്കിലും ഒരു ഹോട്ടലിൽ എനിക്ക് മുറിയെടുത്തതിന് രേഖകൾ കാണിക്കാൻ ഒറ്റ തന്തക്ക് പിറന്നവനാണെങ്കിൽ ആൻ്റോ അഗസ്റ്റിൻ തയ്യാറാകണം. മലപ്പുറത്ത് വ്യാജ ബലാൽസംഗം കേസിൽ ഇരയ്ക്ക് ₹10 ലക്ഷം രൂപ കൊടുത്ത് പൊലീസിനെതിരെ മൊഴി കൊടുപ്പിച്ചു.
താൻ ആൻ്റോയ്ക്ക് ഇട്ടിട്ടുള്ള പേര് മരംകൊത്തി എന്നാണ്. മാംഗോ ഫോണിന്റെ പേരിലും കോടിക്കണക്കിന് രൂപ ആൻ്റോ തട്ടി. മലപ്പുറത്ത് നിരവധി കേസുകൾ ഉണ്ട്. ആൻ്റോ തന്നെ കാണാൻ വന്നത് ബിജെപിയിലേക്ക് ഒരു പാസ് വേണം എന്ന് പറഞ്ഞാണ് . തന്നോടൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്. ഒരു മാധ്യമം കയ്യിലുണ്ടെന്ന് കരുതി തന്തക്ക് പിറക്കാത്ത സ്വഭാവവുമായി തന്റെ നേർക്കു വരരുത്. 24 ലും റിപ്പോർട്ടർ ചാനലിലും തന്റെ മുഖം കാണിക്കാൻ പാടില്ലെന്നും ശോഭ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സതീഷിന്റെ വീട്ടില്‍ താന്‍ പോയിട്ടുണ്ടെന്ന് പറഞ്ഞ് പുറത്തുവിട്ട ഫോട്ടോ തന്റെ സഹോദരിയുടെ വീട്ടില്‍ നിന്നാണെന്നും സതീഷിന്റെ വീടിന്റെ ഉള്‍ഭാഗമല്ലെന്നും ശോഭ വ്യക്തമാക്കി. സഹോദരിയുടെ വീട്ടിലെ അതേ കർട്ടൻ അതേ സോഫ സതീഷ് അയാളുടെ വീട്ടിൽ ഉണ്ടാക്കിയെടുത്തതാണ്. ഫോട്ടോയിൽ സ്വിച്ച് ബോർഡ് എഡിറ്റ് ചെയ്തു കയറ്റിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.