റാഞ്ചി : അധികാരത്തിലെത്തിയാല്‍ ഝാര്‍ഖണ്ഡിന്റെ ഭൂമിയെയും മകളെയും ഭക്ഷണത്തെയും ബിജെപി സംരക്ഷിക്കുമെന്നു വാഗ്ദാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഝാര്‍ഖണ്ഡിലെ സാന്താള്‍ പര്‍ഗാനയിലെ ഗോത്രവര്‍ഗക്കാരുടെ എണ്ണം കുറയുന്നതിനു കാരണം നുഴഞ്ഞുകയറ്റക്കാര്‍ പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് വിവാഹം ചെയ്യുന്നതാണെന്നും അമിത് ഷാ അവകാശപ്പെട്ടു.
ഹേമന്ത് സോറന്റെ ഭരണകാലത്ത് ഝാര്‍ഖണ്ഡിലെ ഗോത്രവര്‍ഗക്കാര്‍ സുരക്ഷിതരായിരുന്നില്ല. സാന്താള്‍ പര്‍ഗാനയിലെ ഗോത്രവര്‍ഗക്കാരുടെ എണ്ണം നിരന്തരമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നുഴഞ്ഞുകയറ്റക്കാര്‍ ഇവിടെയെത്തി നമ്മുടെ പെണ്മക്കളെ പ്രലോഭിപ്പിച്ച് വിവാഹം കഴിച്ച് ഈ നാട് സ്വന്തമാക്കുന്നു. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ഝാര്‍ഖണ്ഡിന്റെ സംസ്കാരം, തൊഴില്‍, ഭൂമി, പെണ്മക്കള് തുടങ്ങിയ കാര്യങ്ങള്‍ സുരക്ഷിതമായിരിക്കില്ല. അതുകൊണ്ടാണ് ബിജെപി ഭൂമി, മകള്‍, ഭക്ഷണം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.\
നുഴഞ്ഞു കയറ്റക്കാര്‍ കൈവശപ്പെടുത്തിയ ഭൂമി ആദിവാസികള്‍ക്ക് തിരികെ നല്‍കുന്നതിനുള്ള നിയമം ഉണ്ടാക്കുക, ആദിവാസി സ്ത്രീകളെ വിവാഹം കഴിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ഗോത്ര പദവി നല്‍കുന്നില്ലെന്ന് ഉറപ്പു വരുത്തുക, സംസ്ഥാനത്തെ ആദിവാസി മത-സാംസ്കാരിക കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കും, ഗോത്ര ഭാഷ, ചരിത്രം, സംസ്കാരം, പാരമ്പര്യം എന്നിവ സംരക്ഷിക്കാന്‍ അഞ്ചുകോടി രൂപ അനുവദിക്കുമെന്നുമാണ് ബിജെപിയുടെ വാഗ്ദാനം. കോണ്‍ഗ്രസ് എല്ലായ്പ്പോഴും പിന്നാക്ക വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്നും അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.