റാഞ്ചി : ഝാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തിനിൽക്കെ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വയസ്സിനെ ചൊല്ലി വിവാദം. ജെ.എം.എം ശക്തിദുർഗമായ ബാർഹെയ്ട്ട് മണ്ഡലത്തിൽ മത്സരിക്കുന്ന സോറൻ നൽകിയ നാമനിർദേശപത്രികയിലെ വയസ്സിനെ ചൊല്ലിയാണ് ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്.
2019ൽ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ വയസ്സ് 42 ആയിരുന്നെങ്കിൽ അഞ്ചുവർഷം കഴിഞ്ഞുള്ള പുതിയ സത്യവാങ്മൂലത്തിൽ 49 ആണ്- ഏഴു വയസ്സ് വ്യത്യാസം. വയസ്സിലെ പൊരുത്തക്കേട് കണക്കിലെടുത്ത് നാമനിർദേശം തള്ളണമെന്നാണ് ബി.ജെ.പി ആവശ്യം. സോറന്റെ വരുമാനത്തിലെ കുറവും ബി.ജെ.പി വക്താവ് പ്രതുൽ ഷാഹിദോ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ തവണ 10 ലക്ഷം കാണിച്ചിടത്ത് ഇത്തവണ നാലു ലക്ഷമേയുള്ളൂ. സോറന്റെ പല ആസ്തികളും കാണിച്ചില്ലെന്നാണ് വിമർശനം.
എന്നാൽ, വോട്ടെടുപ്പ് അടുക്കുന്തോറും പരാജയഭീതി വർധിക്കുന്നതിന്റെ ഭാഗമായാണ് വില കുറഞ്ഞ ഇത്തരം ആരോപണങ്ങളെന്ന് സോറന്റെ പാർട്ടിയായ ഝാർഖണ്ഡ് മുക്തി മോർച്ച പ്രതികരിച്ചു. നാമനിർദേശത്തോടൊപ്പം നൽകിയ എല്ലാ വിവരങ്ങളും സ്ഥിരീകരണം നടത്തിയതാണെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും പാർട്ടി വക്താവ് മനോജ് പാണ്ഡെ പറഞ്ഞു.