കൊല്ലം : കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിനെതിരായ ലൈംഗികാരോപണ പരാതിയിൽ അന്വേഷണം. ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിനു ശ്രീധറിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കി.
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎമ്മിന്റെ അടിയന്തര ഏരിയ കമ്മിറ്റി യോഗം ഇന്ന് ചേരാനിരിക്കെയാണ് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്. ലൈംഗിക ആരോപണത്തിനൊപ്പം സാമ്പത്തിക ആരോപണവും ഉയർന്ന സാഹചര്യത്തിൽ ഇനിയും പ്രതിരോധം സാധ്യമല്ലെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം.
എന്നാൽ പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് തനിക്ക് എതിരെയുള്ള നീക്കങ്ങൾക്ക് പിന്നിലെന്നാണ് കോട്ടയിൽ രാജുവിന്റെ വാദം. രാജുവിനെതിരെ നഗരസഭയിലെ തന്നെ താൽക്കാലിക വനിതാ ജീവനക്കാരിയാണ് പരാതി നൽകിയത്.
ഒരുവർഷമായി ചെയർമാൻ നിരന്തരമായി മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് പരാതി. വഴങ്ങാതിരുന്നതിനാൽ വൃക്കരോഗിയായ തന്റെ ഭർത്താവിന്റെ മുഴുവൻ ചികിത്സ ചെലവും ഏറ്റെടുത്തുകൊള്ളാമെന്ന് പറഞ്ഞും പീഡനത്തിന് മുതിര്‍ന്നുവെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് യുവതിയുടെ പരാതി.