കൊച്ചി : ഇന്ന് നവംബർ 1, കേരളപ്പിറവി. ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികൾ കേരളപ്പിറവി ദിനം ആഘോഷമായി കൊണ്ടാടുന്നു. കേരള സംസ്ഥാനം രൂപീകരിച്ചത്തിൻ്റെ ഓർമ്മയായിട്ടാണ് കേരളപ്പിറവി ആഘോഷിക്കുന്നത്. 68ാം പിറന്നാളാണ് കേരളത്തിന് ഇന്ന്. 1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ഒത്തുചേർന്ന് കേരളം ഉണ്ടാകുന്നത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒൻപത് വർഷത്തിന് ശേഷമായിരുന്നു ഇത്. അന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിരവധി സവിശേഷതകൾ ഉണ്ട്. പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന കേരളം കാടും പുഴകളും നദികളാലും സമ്പന്നമാണ്.
കേരളം ജനിച്ചതിന് പിന്നിൽ ധാരാളം പ്രക്ഷോഭങ്ങളുമുണ്ടായിട്ടുണ്ട്. 1947 ഓഗസ്റ്റ് 15 ന് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ തിരുവിതാംകൂർ രാജഭരണ പ്രദേശം ഭാരത സർക്കാരിൽ ലയിക്കാതെ വിട്ടു നിന്നു. 1947 ജൂണിൽ അന്നത്തെ തിരുവിതാംകൂർ രാജ്യത്തെ ദിവാൻ തിരുവിതാംകൂർ രാജ്യം ഒരു സ്വയംഭരണ പ്രദേശമായി നിലനിൽക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അക്കാലത്ത് തിരുവിതാംകൂർ രാജ്യം പൊതു ഗതാഗതത്തിലും, ആശയ വിനിമയ സംവിധാനങ്ങളിലും, വ്യാവസായിക രംഗത്തും എല്ലാം സ്വയംപര്യാപ്തത നേടിയ ഒരു വികസിത പ്രദേശമായിരുന്നു.
സർവകലാശാലയുടെ മുഴുവൻ ചെലവുകളും രാജാവ് സ്വന്തമായാണ് നിർവ്വഹിച്ചിരുന്നത്. കേരളം എന്ന പേര് ലഭിച്ചതിന് പിന്നിൽ നിരവധി കഥകളാണുള്ളത്. പരശുരാമൻ എറിഞ്ഞ മഴു അറബിക്കടലിൽ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഒരു ഐതിഹ്യം. തെങ്ങുകൾ ധാരാളമായി കാണുന്നത് കൊണ്ടാണ് കേരളമെന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നു. ചേര രാജക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നുവെന്നും പറയപ്പെടുന്നു.
സ്ത്രീകൾ കസവുസാരിയും പുരുഷന്മാർ കസവ് മുണ്ടും ധരിക്കാറുണ്ട് കേരളപ്പിറവി ദിനത്തിൽ. അഞ്ചു ജില്ലകൾ മാത്രമായാണ് കേരള സംസ്ഥാനം രൂപം കൊണ്ടത്. ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിനുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി അപേക്ഷിച്ച് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും കേരളമേറെ മുന്നിലാണ്. എല്ലാ മേഖലകളിലും മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെച്ചാണ് കേരളം മുന്നേറുന്നത്. എല്ലാ വായനക്കാർക്കും കേരളപ്പിറവി ദിനാശംസകൾ.