കൊച്ചി : തൃശൂർ പൂരവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ സുരേഷ് ഗോപി. പൂരനഗരിയിൽ ആംബുലൻസിൽ എത്തിയതിനെപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പറയാൻ സൗകര്യമില്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. മാധ്യമങ്ങളോട് തന്റെ വഴിയിൽ നിന്ന് മാറാനും സുരേഷ് ഗോപി പറഞ്ഞു. അന്വേഷണത്തെപ്പറ്റി ചോദിച്ചപ്പോൾ സിബിഐയെ വിളിക്കാം എന്നായിരുന്നു പരിഹാസരൂപേണയുള്ള സുരേഷ് ഗോപിയുടെ മറുപടി.
സുരേഷ് ഗോപി ആംബുലൻസിൽ പൂരനഗരിയിലെത്തിയതിന്റെ ദൃശ്യങ്ങളടക്കം പ്രചരിച്ചിരുന്നു. ഇതിനെപ്പറ്റി ചോദിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ടത്. “ഒരുപാട് വിഷയങ്ങൾ കൊണ്ടുവരും. യഥാർഥ വിഷയങ്ങൾ നിങ്ങളൊരു പുന:നിശ്ചയത്തിലേക്ക് വളരെ കഠിനമായ തീരുമാനത്തിലേക്ക് കടക്കാതിരിക്കാൻ നിങ്ങൾ ചിന്തിക്കേണ്ടതായ വിഷയങ്ങൾ മുഴുവനും മൂടി വയ്ക്കാൻ വേണ്ടി പൂരം കൊണ്ടുവരും, അന്നത്തേപ്പോലെ കിരീടം ചുരണ്ടാൻ വരും. അങ്ങനെ പല വിഷയങ്ങളും മുന്നോട്ട് കൊണ്ട് വരും.
നിങ്ങളുടെ ഫോക്കസ് ഇതിൽ നിന്നും പോകരുത്. പൂരത്തെ സംബന്ധിച്ച് ഞാൻ ഇന്നലെ പറഞ്ഞത് സത്യം തന്നെയാണ്. ഇന്ന് പത്രക്കാരെല്ലാം ഓടി നടക്കുന്നുണ്ട്. ഇവിടെയും വന്നു നിൽക്കുന്നത് അതിന്റെ ബാക്കി കിട്ടാനാണ്. തരില്ല. സഖാവ് വിഎസ് പറഞ്ഞ താളത്തിൽ എനിക്ക് പറയാൻ അറിയില്ല. നിങ്ങളിനിയും കുറച്ച് നടക്ക്. പക്ഷേ സത്യം തരും അത് നിങ്ങൾക്കല്ല. നിങ്ങൾക്കൊരു വിചാരമുണ്ട്. മന്ത്രിയാണ്, നിങ്ങൾ ചോദിക്കുന്നതെല്ലാം ജനങ്ങളുടെ ചോദ്യമാണ്. നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾ ജനങ്ങളുടെ ചോദ്യമാക്കി ഉന്നയിച്ച് ഞാനതിന് മറുപടി പറയണമെന്ന്. സൗകര്യമില്ല, അത്രയേ ഉള്ളൂ മറുപടി. സൗകര്യമില്ല തന്നെ.
ജനങ്ങളോട് മറുപടി പറയും, ജനങ്ങൾക്ക് വിശദീകരണം കൊടുക്കും. അത് ജനങ്ങളുടെ ചുങ്ക പണത്തിൽ നിന്ന് ശമ്പളം പറ്റുന്ന പൊലീസിനായാലും സിബിഐയ്ക്കായാലും അവർക്ക് ഞാൻ സത്യം കൊടുക്കും. ആ സത്യത്തിന് മുൻപിൽ വെറളി പൂണ്ട്, അടി പതറി മുട്ടൊടിഞ്ഞ് വീഴുന്ന ഒരു സർക്കാരിനേയും അവര് നിങ്ങളെ വഞ്ചാനപൂർവം പിന്തുണയ്ക്കുന്ന ഒരു പ്രതിപക്ഷത്തിനുമുള്ള തിരിച്ചടിയായിരിക്കും. ഇത് ബൂമാറാങ് ആകുമെന്ന് ഞാൻ പറഞ്ഞിരുന്നു. ഇത് ബൂമറാങ് ആകും”- സുരേഷ് ഗോപി പറഞ്ഞു.