മുംബൈ : നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ ബിജെപി മുൻ വക്താവ് ശിവസേന സ്ഥാനാര്‍ത്ഥി. ബിജെപി നേതാവ് ഷൈന എന്‍സിയെ മുംബാദേവി മണ്ഡലത്തിലാണ് ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗം സ്ഥാനാര്‍ത്ഥിയാക്കിയത്. ഷൈന അടക്കം 15 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് ശിവസേന പുറത്തു വിട്ടത്.
തിങ്കളാഴ്ചയാണ് ഷൈന ശിവസേനയില്‍ ചേര്‍ന്നത്. 48 മണിക്കൂറിനകം മുംബാദേവി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ അമിന്‍ പട്ടേലാണ് മുംബാദേവിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബിജെപി മന്ത്രി റാവുസാഹേബ് ധാന്‍വേയുടെ മകള്‍ സഞ്ജന ജാദവും ശിവസേന സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
വര്‍ളി മണ്ഡലത്തില്‍ മത്സരിക്കാനാണ് ഷൈന താല്‍പ്പര്യപ്പെട്ടിരുന്നത്. എന്നാല്‍ ശിവസേന ഷിന്‍ഡെ പക്ഷം മുന്‍ എംപി മിലിന്ദ് ദിയോറയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയായിരുന്നു. മുംബാദേവിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മഹായുതി സഖ്യനേതാക്കള്ക്കും ഷൈന നന്ദി പറഞ്ഞു. മുംബൈയിലെ ജനങ്ങളോട് താന്‍ പ്രതിജ്ഞാബദ്ധമാണ്. അവരെ സേവിക്കാനും അവരുടെ ശബ്ദമാകാനുമുള്ള അവസരമായി സ്ഥാനാര്‍ത്ഥിത്വത്തെ കാണുന്നുവെന്നും ഷൈന പറഞ്ഞു.