വഡോദര : സി295 വിമാനങ്ങളുടെ നിര്‍മാണശാലയായ ടാറ്റ എയര്‍ക്രാഫ്റ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഗുജറാത്തിലെ വഡോദരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും നിര്‍വഹിച്ചു. സ്വകാര്യമേഖയില്‍ സൈനികവിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള രാജ്യത്തെ ആദ്യ സംരംഭമാണിത്. ടാറ്റ അഡ്വാന്‍സ് സിസ്റ്റംസ് ലിമിറ്റഡും(ടിഎഎസ്എല്‍.) യൂറോപ്യന്‍ വിമാനനിര്‍മാണക്കമ്പനിയായ എയര്‍ബസും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ടാറ്റ എയര്‍ക്രാഫ്റ്റില്‍ നിര്‍മിക്കുന്ന 40 വിമാനങ്ങളില്‍ ആദ്യത്തെ വിമാനത്തിന്റെ നിര്‍മാണം 2026ല്‍ പൂര്‍ത്തിയാകും. ഇന്ത്യയില്‍ ആദ്യമായി സ്വകാര്യമായി നിര്‍മ്മിച്ച സൈനിക വിമാനമാകും ഇത്. വിമാന നിര്‍മാണ കേന്ദ്രം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും ഇന്ത്യയും സ്പെയിനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ഇന്ന് മുതല്‍ ഞങ്ങള്‍ ഇന്ത്യയ്ക്കും സ്പെയിനിന്റെ പങ്കാളിത്തത്തിനും പുതിയ ദിശാബോധം നല്കുന്നു. സി295 വിമാനങ്ങളുടെ നിര്‍മാണ ഫാക്ടറി ഞങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. ഈ ഫാക്ടറി ഇന്ത്യ-സ്പെയിന് ബന്ധത്തെ ശക്തിപ്പെടുത്തും, ഇത് ‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ്’ ദൗത്യത്തെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ പ്രതിരോധ ശേഷികള്‍ നവീകരിക്കുന്നതിനൊപ്പം ഈ സൗകര്യം സാങ്കേതിക വികസനത്തിനും വഴിയൊരുക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ‘ഈ വിമാനം സ്പാനിഷ്, യൂറോപ്യന്‍ എയറോനോട്ടിക്കല്‍ വ്യവസായത്തിന്റെ പ്രതീകമാണ്. ഇന്ത്യയുടെ പ്രതിരോധ ശേഷികള്‍ നവീകരിക്കുന്നതിന് പുറമേ, സാങ്കേതിക വികസനത്തിനും ഇത് കാരണമാകും, പ്രത്യേകിച്ച് ഇന്ത്യയിലെ മുന്‍നിര നിര്‍മ്മാണ കേന്ദ്രമായ ഗുജറാത്തിന്. പദ്ധതിയിലൂടെ ആയിരക്കണക്കിന് പേര്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഉയര്‍ന്ന യോഗ്യതയുള്ള എഞ്ചിനീയര്‍മാരെയും സാങ്കേതിക വിദഗ്ധരെയും പരിശീലിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റഎയര്‍ബസ് സി295 പദ്ധതി പ്രകാരം 56 വിമാനങ്ങളാണ് നിര്‍മിക്കുന്നത്. ഇതില്‍ 16 എണ്ണം സ്പെയിനില്‍ നിന്ന് എയര്‍ബസ് നേരിട്ട് എത്തിക്കുന്നു, ബാക്കി 40 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കും. ഈ 40 വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിന്റെ ചുമതല വഡോദരയിലെ ടാറ്റ എയര്‍കാഫ്റ്റ് കോംപ്ലക്സിനാണ്. സൈനികവിമാനങ്ങള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഫൈനല്‍ അസംബ്ലി ലൈന്‍ നിര്‍മാണശാലയാണ് വഡോദരയിലേത്. വിമാനഭാഗങ്ങള്‍ ഒന്നിച്ചുചേര്ക്കല്, ടെസ്റ്റിങ്, വിതരണം, പരിപാലനം തുടങ്ങി വിമാനങ്ങളുടെ നിര്‍മാണപ്രക്രിയയുടെ മുഴുവന്‍ ഘട്ടങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടും. ടാറ്റയെ കൂടാതെ, മുന്‍നിര പ്രതിരോധ പൊതുമേഖലാ യൂണിറ്റുകളായ ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഡൈനാമിക്സ് എന്നിവയും സ്വകാര്യ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളും ഈ പദ്ധതിയില്‍ സഹകരിക്കും.