അയോധ്യ ; രാമക്ഷേത്രം തുറന്ന ശേഷമുള്ള ആദ്യ ദീപാവലി ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ ഒരുങ്ങി അയോധ്യ. സരയൂ നദിക്കരയില്‍ ദീപാവലി ദിവസം 28 ലക്ഷം മണ്‍ചെരാതുകള്‍ കത്തിച്ച് ലോക റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. പരിസ്ഥിതി സംരക്ഷണവും ഈ ദീപോത്സവത്തിന്റെ പ്രധാന ശ്രദ്ധ കേന്ദ്രമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു
ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രത്യേക പുഷ്പാലങ്കാരം നടത്തും. ദര്‍ശനത്തിനായി ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ ഒന്നുവരെ രാത്രിയും ക്ഷേത്രം തുറന്നിടും. 55 ഘാട്ടുകളിലായി 30,000 വളണ്ടിയര്‍മാര്‍ ചെരാതുകളില്‍ വെളിച്ചം പകരുന്നതില്‍ പങ്കാളികളാകും. ഗിന്നസ് ബുക്ക ഓഫ് വേള്‍ഡ് റെക്കോഡ്സ് അധികൃതരും ചടങ്ങില്‍ പങ്കെടുക്കും.
ഒക്ടോബര്‍ 30 ന് വൈകുന്നേരമായിരിക്കും വിളക്ക് കൊളുത്തുക. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും തയ്യാറായതായി അധികൃതര്‍ അറിയിച്ചു. ഒരോ ചെരാതിലും 30 മില്ലി കടുക് എണ്ണ നിറയ്ക്കും. 29ാം തീയതി ചെരാതുകള്‍ എണ്ണിത്തിട്ടപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ദീപാവലി ദിവസം സരയൂ നദിക്കരയില്‍ 25 ലക്ഷം വിളക്കുകള്‍ കൊളത്തി ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.
ഈ വര്‍ഷം ജനുവരി 22നായിരുന്നു അയോധ്യ ക്ഷേത്രത്തില്‍ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാട പരിപാടികള്‍.