പാലക്കാട് : പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയ്ക്ക് അകത്ത് ഒരുതരത്തിലുള്ള ഭിന്നതകളുമില്ല. ശോഭാ സുരേന്ദ്രനെ ചുറ്റിപ്പറ്റി മാധ്യമങ്ങൾ വ്യാജപ്രചാരണം നടത്തുന്നു. പാലക്കാട് ബിജെപിക്ക് മികച്ച സംഘടനാ സംവിധാനമുണ്ട്. പുറത്തുനിന്ന് ആരും വന്ന് തെരഞ്ഞെടുപ്പ് ജോലി ചെയ്യേണ്ട ആവശ്യമില്ല. ഓരോ ഘട്ടത്തിലും ഏതൊക്കെ നേതാക്കൾ എത്തണമെന്ന് പാർട്ടി നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ കൺവെൻഷനിലേക്ക് ശോഭാ സുരേന്ദ്രനെ എത്തിക്കാൻ ബിജെപി തീവ്രശ്രമമാണ് നടത്തുന്നത്. മുതിർന്ന നേതാക്കൾ ശോഭാ സുരേന്ദ്രനുമായി സംസാരിച്ചു. മണ്ഡലത്തിൽ ശോഭ സുരേന്ദ്രന്റെ അസാന്നിധ്യം യുഡിഎഫ് ചർച്ചയാക്കിയിരുന്നു.
വരും ദിവസങ്ങളിൽ സ്ഥാനാർത്ഥികൾക്ക് വോട്ട് ചോദിച്ച് ദേശീയ, സംസ്ഥാന നേതാക്കൾ പാലക്കാട്ടേക്ക് എത്തും.