തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിനു കൈമാറും. കഴിഞ്ഞ ദിവസമാണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. മരണത്തിൽ കൂടുതൽ അന്വേഷണത്തിനു റവന്യു മന്ത്രി ശുപാർശ ചെയ്തേക്കും.
പെട്രോൾ പമ്പിനു എൻഒസി നൽകിയതിൽ നവീൻ ബാബു കാലതാമസം വരുത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ. നവീൻ ബാബു കോഴ വാങ്ങിയെന്ന ആക്ഷേപത്തിനും തെളിവില്ല.
അതിനിടെ നവീൻ ബാബുവിന്റെ മരണത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ നാളെ ഉത്തരവ് വരും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻ കോടതി ജഡ്ജി നിസാർ അഹമ്മദാണ് ഉത്തരവ് പുറപ്പെടുവിക്കുക.
ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തി. പ്രേരണാ കുറ്റം നിലനിൽക്കുമെന്നാണ് പ്രോസിക്യൂഷൻ വാദം. ദിവ്യക്കെതിരെ സംഘടനാ നടപി സംബന്ധിച്ചു ചർച്ച ചെയ്യാൻ സിപിഎം ജില്ലാ നേതൃയോഗം ബുധനാഴ്ച ചേരും.