കണ്ണൂര്‍ : കണ്ണൂരില്‍ വന്‍ ദുരന്തത്തില്‍ നിന്നും വന്ദേഭാരത് എക്സ്പ്രസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കോണ്‍ക്രീറ്റ് മിക്സര്‍ വാഹനം ട്രെയിന്‍ കടന്നുവരുന്നതിനിടെ റെയില്‍വേ ട്രാക്കില്‍ കയറിയുകയായിരുന്നു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം.
ലോക്കോ പൈലറ്റ് ഉടന്‍ സഡന്‍ ബ്രേക്ക് ഇട്ട് ട്രെയിന്‍ നിര്‍ത്തിയതോടെയാണ് അപകടം ഒഴിവായത്. അമൃത് ഭാരത് പദ്ധതിയില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രം അടങ്ങിയ വാഹനമാണ് ട്രാക്കിലേക്ക് കയറിയത്.
സഡന്‍ ബ്രേക്കിട്ടതോടെ ട്രെയിന്‍ വേഗത കുറയുകയും, ഇതിനിടെ കോണ്‍ക്രീറ്റ് മിക്സര്‍ വാഹനം മാറ്റുകയും ചെയ്തു. വാഹനമോടിച്ച ഡ്രൈവറെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.