കല്പറ്റ : വയനാട് ചുണ്ടേൽ ആനപ്പാറയിൽ നാല് കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാർ കടുത്ത ഭീതിയില്‍. അമ്മക്കടുവയും മൂന്ന് കുട്ടികളുമുള്ളതിനാൽ പിടികൂടൽ ശ്രമകരമാണെന്നാണ് വനം വകുപ്പ് വിലയിരുത്തൽ. സമാനസാഹചര്യത്തിൽ നേരത്തെ കർണാടകയിൽ പരീക്ഷിച്ചു വിജയിച്ച വലിയ കൂട് വയനാട്ടിലെത്തിച്ച് കെണിയൊരുക്കാനാണ് നീക്കം.
ചെമ്പ്ര മലയ്ക്ക് താഴെ വനത്തോട് ചേർന്ന് തേയില എസ്റ്റേറ്റിലാണ് ആനപ്പാറ. ചുണ്ടേൽ ടൗണിൽനിന്ന് ഒന്നര കിലോമീറ്റർ മാത്രം ദൂരമുള്ള ഇവിടെയാണ് നാലു കടുവകൾ വിഹരിക്കുന്നത്. തിങ്കളാഴ്ച മൂന്നു പശുക്കളെ പിടിച്ചിട്ടും ഇതുവരെയും ഭീതിയകറ്റാൻ അധികൃതർക്കായിട്ടില്ല.
കഴിഞ്ഞ വർഷം ഡിസംബറിലും ഈ വർഷം ഏപ്രിലിലും ഇതേ കടുവകളെ സമീപപ്രദേശങ്ങളിലായി ജനങ്ങൾ കണ്ടിരുന്നു. കടുവയും കുട്ടികളുമുള്ളതിനാൽ പിടികൂടൽ ശ്രമകരമാണെന്നാണ് വനംവകുപ്പിൻ്റെ പക്ഷം. കർണാടകയിൽനിന്ന് വലിയ കൂട് എത്തിക്കാനാണ് ശ്രമം നടക്കുന്നത്. അനുമതി ലഭിച്ചാൽ നടപടിയുമായി മുന്നോട്ടുപോകുമെന്ന് വയനാട് സൗത്ത് ഡിവിഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.