ന്യൂഡൽഹി : മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അതൃപ്തി. മഹാരാഷ്ട്രയിലെ ഒബിസി, ദലിത് സീറ്റുകൾ സഖ്യകക്ഷികൾക്ക് വിട്ടുനൽകുന്നതിലാണ് രാഹുലിന് അതൃപ്തിയുള്ളത്. കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുൽ അതൃപ്തി അറിയിച്ചത്.
അതേസമയം മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡിയിലും, മഹാ യുതി സഖ്യത്തിലും തർക്കം തുടരുകയാണ്. മഹായുതിയിൽ 30 സീറ്റുകളിലാണ് തർക്കം.അഞ്ച് സീറ്റുകൾ വേണമെന്ന് സമാജ് വാദി പാർട്ടിയും ആവശ്യം ഉന്നയിച്ചതോടെയാണ് മഹാ വികാസ് സഖ്യത്തിൽ ഭിന്നത രൂപപ്പെട്ടത്. പ്രശ്ന പരിഹാരത്തിനായി ബാലാസാഹേബ് തോറാട്ടിനെ കോൺഗ്രസ് ചുമതലപ്പെടുത്തി.
മഹാരാഷ്ട്രയിൽ 5 സീറ്റുകൾ തങ്ങൾക്ക് വേണമെന്നാണ് സമാജ് വാദി പാർട്ടിയുടെ ആവശ്യം. ഇന്ന് ഉച്ചയ്ക്കുള്ളിൽ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ 25 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സമാജ് വാദി പാർട്ടി മഹാരാഷ്ട്ര അധ്യക്ഷൻ അബു അസിം ആസ്മി വ്യക്തമാക്കിയിട്ടുണ്ട്. 85 സീറ്റുകളിൽ വീതം മത്സരിക്കാനാണ് കോൺഗ്രസ്, ശിവസേന ഉദ്ധവ്,എന്സിപി ശരദ് പവാർ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ബാക്കി സീറ്റുകളിൽ തർക്കം തുടരുമ്പോഴാണ് സമാജ് വാദി പാർട്ടിയുടെ അവകാശവാദം.അതേസമയം പ്രശ്നപരിഹാരത്തിനായി പ്രശ്നപരിഹാരത്തിനായി ബാലാസാഹേബ് തോറാട്ടിനെ കോൺഗ്രസ് ചുമതലപ്പെടുത്തി.ഇന്ന് ഉദ്ധവ് താക്കറെ, ശരത് പവർ എന്നിവരുമായി തോരാട്ട് കൂടിക്കാഴ്ച നടത്തും .
അതേസമയം മഹായുതി സഖ്യത്തിലും തർക്കം രൂക്ഷമായി തുടരുകയാണ്. 30 സീറ്റുകളിലുള്ള തർക്കം അവസാനിപ്പിക്കുവാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. ഇ മാസം 29നാണ് മഹാരാഷ്ട്രയിൽ നാമ നിർദേശ പത്രിക സമർപ്പിക്കുവാനുള്ള അവസാന ദിവസം.