കൊച്ചി : ഹേമ കമ്മറ്റി റിപ്പോർട്ട് പൂഴ്ത്തിയതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി തളളി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹരജിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
റിപ്പോർട്ട് സുപ്രിംകോതി വിളിച്ച് വരുത്തണമെന്നായിരുന്നു ഹരജയിലെ ആവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ 5 വർഷം പൂഴ്ത്തി. ഇതിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നുമായിരുന്നു സുപ്രിംകോടതിയിലെത്തിയ റിട്ട് ഹരജി ആവശ്യപ്പെട്ടത്.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം കേസുകൾ രജിസ്റ്റർ ചെയ്ത് തുടങ്ങി. അതീവ രഹസ്യമായി ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിധി പ്രകാരമാണ് കേസുകൾ എടുക്കുന്നത്. കേസുകളുടെ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കണമെന്നാണ് കോടതി നിർദ്ദേശം.
കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് പരാതിയുണ്ടെങ്കിൽ നേരിട്ടോ ഇമെയിൽ മുഖേനയോ അറിയിക്കാൻ അവസരം എസ്ഐടി നൽകിയിരുന്നു. മൊഴി നൽകിയവർക്ക് കേസുമായി സഹകരിക്കാൻ താൽപര്യമില്ലെങ്കിൽ ഇക്കാര്യം പ്രത്യേകം സംഘം കോടതിയെ അറിയിക്കും.
എന്നാൽ മൊഴി നൽകിയവരിൽ ചിലർ മാത്രമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതേ തുടർന്നാണ് കോടതി നിർദ്ദേശ പ്രകാരം കമ്മീഷന് മുന്നിലെ മൊഴി വിവരമായി പരിഗണിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്.