തൃശൂര്‍ : മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് എന്നു പറഞ്ഞാല്‍ മലപ്പുറത്തെ വിമര്‍ശിക്കലാകുന്നത് എങ്ങനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കരിപ്പൂര്‍ വഴി കൂടുതല്‍ സ്വര്‍ണവും ഹവാലപണവും വരുന്നുവെന്നാണ് കണക്ക്. കരിപ്പൂര്‍ വിമാനത്താവളം അവിടെയായി എന്നതാണ് അതിന്റെ കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മലപ്പുറത്തിനെതിരായ പ്രചാരണമാണെന്ന് തെറ്റായ പ്രചാരണം നടക്കുന്നു. എങ്ങനെയാണ് അത്തരമൊരു പ്രചാരണം വരുന്നത്. എന്താണ് അതിന്റെ ഉദ്ദേശം. നിരവധി ജില്ലകളില്‍ നിന്നുള്ള ആളുകള്‍ ആശ്രയിക്കുന്ന വിമാനത്താവളമാണ് കരിപ്പൂര്‍. മൂന്നുവര്‍ഷം കൊണ്ട് 147 കിലോ സ്വര്‍ണംസംസ്ഥാനത്ത് പിടികൂടി. അതില്‍ 124 കിലോ സ്വര്‍ണം മലപ്പുറം ജില്ലയിലാണ് പിടികൂടിയത്.
ഏതു ജില്ലയില്‍ നിന്നാണോ പിടികൂടുന്നത് അവിടെ പിടികൂടി എന്ന രീതിയിലാണ് കണക്ക് പുറത്തുവരിക. ഇത് മലപ്പുറം ജില്ലയ്ക്കെതിരായ നീക്കമാണോ?. ഇതിന് എന്തിനാണ് വല്ലാതെ പൊള്ളുന്നത്? കണക്കുകള്‍ പറയുമ്പോള്‍ വല്ലാതെ വേവലാതിപ്പെടുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനം തടയാന്‍ ആണ് പൊലീസ് ഇടപെടുന്നത്. കള്ളക്കടത്തും ഹവാലയും പിടിക്കുന്നത് തടയാന്‍ പാടില്ലെന്ന് ചിലര്‍ പറയുന്നു. ചിലര്‍ അതിനെതിരെ പ്രചരണം നടത്തുന്നു.
കുറ്റകൃത്യത്തെ കുറ്റകൃത്യമായി മാത്രമാണ് സര്‍ക്കാര്‍ കാണുന്നത്. കുറ്റകൃത്യത്തെ ഏതെങ്കിലും സമുദായത്തിന്റെ പിടലിക്ക് വെക്കേണ്ടതില്ല. അത്തരമൊരു നിലപാട് സര്‍ക്കാര്‍ ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്തെ തെറ്റായി ചിത്രികരിക്കാന്‍ എല്ലാക്കാലത്തും ശ്രമിച്ചത് സംഘപരിവാറാണ്. അന്ന് ആ പ്രചരണത്തോടൊപ്പം കോണ്‍ഗ്രസും നിന്നിരുന്നു. അന്നത്തെ മലബാറിന്റെ പിന്നാക്കവസ്ഥയ്ക്ക് പരിഹാരം കാണുകയെന്ന ഉദ്ദേശത്തോടെയാണ് ഇഎംഎസ് സര്‍ക്കാര്‍ മലപ്പുറം ജില്ല രൂപീകരിക്കാന്‍ നടപടിയെടുത്തത്.
മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ സംഘപരിവാര്‍ അതിനെ എതിര്‍ത്തു. കോണ്‍ഗ്രസും അതിനെ എതിര്‍ക്കുകയായിരുന്നു. അതിനെ കൊച്ചു പാകിസ്ഥാന് എന്നു വിളിച്ചത് ആരായിരുന്നു എന്ന് ഓര്‍ക്കേണ്ടതാണ്. മലപ്പുറത്തെ മറ്റൊരു തരത്തില്‍ ചിത്രീകരിച്ചുകൊണ്ടുള്ള പ്രചാരണം ഈ വാദഗതിക്കര്‍ക്ക് കരുത്തു പകരുകയാണ് ചെയ്യുന്നത്. മലപ്പുറം ജില്ലയില്‍ ഒരു കുറ്റകൃത്യം ഉണ്ടായാല്‍ മറ്റേതൊരു ജില്ലയിലും ഉണ്ടാകുന്ന കുറ്റകൃത്യം പോലെ തന്നെയാണ്. അത് ഏതെങ്കിലും സമുദായത്തിന്റെ മാത്രം കുറ്റകൃത്യമല്ല. അതിനെ കുറ്റകൃത്യമായി മാത്രമാണ് കാണേണ്ടത്. ആര്‍എസ്എസും സംഘപരിവാറും ആഗ്രഹിക്കുന്നത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ്. അതിനെ സഹായിക്കുന്നതല്ലേ ഇപ്പോഴത്തെ ഈ പ്രചാരണമെന്നും മുഖ്യമന്ത്രി ചോദിച്ചു.
നാല് വോട്ടിന് വേണ്ടി അവസര വാദ നിലപാടെടുക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിൻ്റെ ഒരു നേതാവ് ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് വെച്ചു. ഒരു നേതാവ് ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന് പരസ്യമായി പറഞ്ഞു. കേരളം വർഗീയ സംഘർഷമില്ലാത്ത നാടാണ്. വർഗീയ ശക്തികൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാത്ത നാടാണ് കേരളം. വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം സ്വീകരിക്കുന്നതു കൊണ്ടാണ് വർഗീയ സംഘർഷം ഇല്ലാത്തത്. അവിടെയാണ് എൽഡിഎഫ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.