ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ബാരാമുള്ളയിലെ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു, രണ്ട് ഗ്രാമീണരും കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ടായിരുന്നു ആക്രമണം ഉണ്ടായത്. സൈനിക വാഹനത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. അതിനിടെയാണ് സൈനികര്‍ക്ക് പരിക്കേറ്റത്.
നിയന്ത്രണ രേഖയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ബോട്പത്രിയില്‍ നിന്ന് വരികയായിരുന്ന സൈനിക വാഹനത്തിന് നേരെയാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് മറുപടിയായി സുരക്ഷാസേന പ്രത്യാക്രമണം തുടങ്ങി. ചുമട്ടുതൊഴിലാളികളായ ഗ്രാമവാസികളാണ് ആക്രമണത്തില്‍ മരിച്ചത്.
പുല്‍വാമയില്‍ ഒരു തൊഴിലാളിക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് മറ്റൊരു ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കശ്മീരിലെ ഗന്ദേര്‍ബല്‍ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഡോക്ടറും ആറു നിര്‍മാണത്തൊഴിലാളികളുമടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഗന്ദേര്‍ബല്‍ ജില്ലയില്‍ ശ്രീനഗര്‍-ലേ ദേശീയപാതയിലെ ടണല്നിര്മാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിനുനേരേയായിയിരുന്നു ആക്രമണം.