കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി. ഒക്ടോബര്‍ 29നാണു വിധി പറയുക. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ ജഡ്ജി ജ. നിസാർ അഹമ്മദാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. രണ്ടു ദിവസം കൊണ്ട് അറിയുമെന്ന് ദിവ്യ ഭീഷണിപ്പെടുത്തിയതായി നവീൻ ബാബുവിന്റെ കുടുംബം കോടതിയില്‍ പറഞ്ഞു. പെട്രോൾ പമ്പിനു പിന്നിൽ ബിനാമി ബന്ധമുണ്ട്. അയാളെ കണ്ടെത്തണമെന്നും കുടുബം ആവശ്യപ്പെട്ടു.
വിജിലൻസിന് പ്രശാന്തൻ നൽകിയ പരാതി വ്യാജമാണെന്ന് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഒപ്പ് തെറ്റിയെന്നു പറഞ്ഞാൽ ചിലപ്പോൾ സംഭവിക്കാം. പക്ഷേ, സ്വന്തം പേര് ഒരിക്കലും തെറ്റില്ലല്ലോ. പരാതി ഉണ്ടെങ്കിൽ ദിവ്യയ്ക്ക് ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാമായിരുന്നു. ദിവ്യ എന്തിനാണ് എഡിഎമ്മിനെ വിളിച്ചത്? പമ്പിന്റെ നിർദിഷ്ട സ്ഥലം പോയി പരിശോധിക്കാൻ എഡിഎമ്മിനോട് പറയാൻ ദിവ്യയ്ക്ക് എന്ത് അധികാരമാണുള്ളതെന്നും അഭിഭാഷകൻ ചോദിച്ചു.
ജില്ലാ ഭരണകൂടത്തിലെ രണ്ടാമനാണു മരിച്ചതെന്നു ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ ഇതിനാൽ ദിവ്യയ്ക്കു ജാമ്യം നൽകരുതെന്നു കോടതിൽ ആവശ്യപ്പെട്ടു. വ്യക്തിഹത്യയാണ് മരണകാരണം. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ തന്നെ വ്യക്തമാക്കിയതാണ്. ദിവ്യ വെറുതെ പ്രസംഗിക്കുകയല്ല ചെയ്തത്. ഭീഷണിസ്വരം ഉണ്ടായിരുന്നു. മാധ്യമപ്രവർത്തകനെ വിളിച്ച് റെക്കോർഡ് ചെയ്യാൻ പറഞ്ഞത് ആസൂത്രിതമായായിരുന്നു. ആ ദൃശ്യങ്ങൾ ദിവ്യ ശേഖരിക്കുകയും ചെയ്തു. ദിവ്യ ക്ഷണിച്ചുവെന്ന് മാധ്യമപ്രവർത്തകൻ മൊഴി നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ സൂചിപ്പിച്ചു.