തിരുവനന്തപുരം : കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിനെ ആക്ഷേപിക്കുന്ന പ്രസംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യ തന്നെയെന്ന് റവന്യൂ വകുപ്പിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. യാത്രയയപ്പ് ചടങ്ങിലെ പരിപാടി കണ്ണൂരിലെ ഒരു പ്രാദേശിക ചാനല്‍ മാത്രമാണ് റെക്കോര്‍ഡ് ചെയ്തത്. ചടങ്ങില്‍ ദിവ്യയുടെ പ്രസംഗം ചാനല്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഈ വീഡിയോയാണ് പ്രചരിച്ചത്. ഈ ദൃശ്യങ്ങള്‍ കട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചതിനു പിന്നില്‍ പി പി ദിവ്യക്ക് പങ്കുണ്ടെന്നാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രാദേശിക ചാനലില്‍ നിന്നും ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ വിവരങ്ങളും ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. പ്രാദേശിക ചാനലില്‍ നടത്തിയ തെളിവെടുപ്പില്‍, ഈ ദൃശ്യങ്ങള്‍ ദിവ്യ ശേഖരിച്ചിരുന്നതായി ചാനല്‍ പ്രവര്‍ത്തകര്‍ മൊഴി നല്കി. മാധ്യമങ്ങള്‍ക്ക് നല്കിയതും ദിവ്യയാണ്. തങ്ങള്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിട്ടില്ലെന്നും ചാനല്‍ പ്രവര്‍ത്തകര്‍ എ ഗീത ഐഎഎസിന് മൊഴി നല്‍കിയതായാണ് വിവരം. തനിക്ക് ഈ വിവാദങ്ങളിൽ ഒരു പങ്കുമില്ലെന്നാണ് ജില്ലാ കലക്ടര്‍ മൊഴി നല്‍കിയിട്ടുള്ളത്.
ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. റിപ്പോര്‍ട്ട് ഇന്നു തന്നെ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയേക്കും. യാത്രയയപ്പ് യോഗത്തില്‍ എഡിഎമ്മിനെതിരെ സംസാരിച്ചു എന്നു മാത്രമല്ല, അത് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ച് നവീന്‍ബാബുവിനെ താറടിക്കാന്‍ ദിവ്യ മുന്‍കൈയെടുത്തു എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതെന്നാണ് വിവരം.
ആകസ്മികമായി വന്നുവെന്നാണ് ദിവ്യ യാത്രയയപ്പ് യോഗത്തിലെ പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍ ജില്ലാ കലക്ടര്‍ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തതെന്ന് കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദിവ്യ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നാണ് കലക്ടറുടെ വാദം. പ്രോട്ടോക്കോള്‍ മാനിച്ചാണ് ദിവ്യയുടെ പ്രസംഗം തടയാതിരുന്നതെന്നുമാണ് കലക്ടര്‍ പറയുന്നത്.
പി പി ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തത്. പി പി ദിവ്യ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി കോടതി ഇന്ന് പരിഗണിക്കും. പൊലീസ് ദിവ്യയ്ക്ക് എതിരായ റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കുക എന്നാണ് സൂചന. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ബാബുവിന്റെ കുടുംബവും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ദിവ്യയ്ക്കെതിരേ പൊലീസ് ചുമത്തിയത്.