ന്യൂഡൽഹി : ലഡാക്കിന് സംസ്ഥാന പദവി ഉൾപ്പെടെ ആവശ്യപ്പെട്ടുള്ള പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നിരാഹാര സമരം അവസാനിപ്പിച്ചു. വാങ്ചുക്കുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നടത്തിയ അനുനയ ചർച്ചക്ക് പിന്നാലെയാണ് തീരുമാനം.
വാങ്ച്ചുക് മുന്നോട്ടുവെച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്ന് കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 15 ദിവസമായി ഡൽഹിയിലെ ലഡാക്ക് ഭവനിലായിരുന്നു വാങ്ചുക്കിന്റെ നേതൃത്വത്തിൽ നിരാഹാര സമരം. ഡിസംബർ മൂന്നിനാണ് ഇവരെ ചർച്ചക്ക് വിളിച്ചിട്ടുള്ളത്.
ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ ജോയിന്റ് സെക്രട്ടറി പ്രശാന്ത് ലോഖണ്ഡെയാണ് ഇതുസംബന്ധിച്ച കത്ത് കൈമാറിയത്. നിരാഹാര സമരത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരുന്നത്. അതേസമയം, ഇതിനെ അടിച്ചമർത്താനുള്ള ശ്രമവും ഉണ്ടായി. സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ചെത്തിയ നിരവധി പേരെ കഴിഞ്ഞദിവസം ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒക്ടോബർ ആറിനാണ് വാങ്ചുക് ഉൾപ്പെടെ 25ഓളം പേർ ഡൽഹിയിലെ ലഡാക്ക് ഭവനിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. തങ്ങളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരുമായി കൂടിക്കാഴ്ചക്ക് അവസരം നൽകണമെന്നാണ് ഇവരുടെ ആവശ്യം.
ലഡാക്കിൽനിന്ന് അനുയായികൾക്കൊപ്പം മാർച്ച് നടത്തിയെന്നാണ് സോനം വാങ്ചുക് ഡൽഹിയിലെത്തിയത്. ഭരണഘടനയിലെ ആറാം ഷെഡ്യൂളിൽ ലഡാക്കിനെ ഉൾപ്പെടുത്തുക, സംസ്ഥാന പദവി, ലഡാക്കിനായി പബ്ലിക് സർവീസ് കമ്മീഷൻ, ലേഹിനും കാർഗിലിനുമായി വ്യത്യസ്ത ലോക്സഭാ സീറ്റുകൾ തുടങ്ങിയവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ. ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാൽ സ്വയംഭരണ കൗൺസിലുകൾ സ്ഥാപിക്കാൻ സാധിക്കും.